ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വര്‍ഗീയച്ചുവയുള്ള പരാമര്‍ശവുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. പ്രത്യേക സമുദായത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള എംപിയായ സാക്ഷിയുടെ പ്രസംഗം.രാജ്യത്തെ ജനസംഖ്യാ വര്‍ധനവിനു കാരണം ഹിന്ദുക്കളല്ലെന്നും, നാലു ഭാര്യമാരും 40 കുട്ടികളുമുള്ള സമുദായമാണെന്നുമായിരുന്നു എംപിയുടെ പരാമര്‍ശം. ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞാല്‍ രാജ്യം വിഭജിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും മുത്തലാഖ് നിരോധിക്കേണ്ട സമയമായെന്നും സ്ത്രീകള്‍ യന്ത്രങ്ങളല്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഏകസിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാണമെന്നും ജനസംഖ്യാനിയന്ത്രണത്തിന് പുതിയ നിയമം വേണമെന്നുമായിരുന്നു മീററ്റിലെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടുള്ള സാക്ഷി മഹാരാജിന്റെ മറ്റു ആവശ്യങ്ങള്‍.

വിദ്വേഷ പ്രസംഗം വിവാദമായതോടെ താന്‍ ഒരു സമുദായത്തിന്റേയും പേരെടുത്തു ആക്ഷേപിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും സാക്ഷി മഹാരാജ് വ്യക്തമാക്കി. തന്റെ വീട്ടില്‍ നാലു സഹോദരങ്ങളുണ്ട്, നാലു പേരും സന്യാസികളായതിനാല്‍ കുട്ടികളില്ല. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ഭൂമിയുടെ അളവു കൂടില്ലെന്നും സ്ത്രീകള്‍ യന്ത്രങ്ങളല്ലെന്നുമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ വിശദീകരണം.

അതേസമയം, ബിജെപി എംപിയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ മറ്റു പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രസംഗം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുകാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി മിത്തല്‍ പറഞ്ഞു. സംഘര്‍ഷഭരിതമായ സാഹചര്യം ബിജെപി ഒഴിവാക്കണമെന്ന് സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. സാക്ഷി മഹാരാജിനെതിരെ നടപടി ആവശ്യപ്പെട്ട് ബിഎസ്പിയും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ വിദ്വേഷപ്രസംഗത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടില്ല. സാക്ഷി മഹാരാജിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടല്ലെന്നു മാത്രമായിരുന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രതികരണം.

ഇതാദ്യമായല്ല വര്‍ഗീയപരാമര്‍ശങ്ങളുടെ പേരില്‍ സാക്ഷി മഹാരാജ് വിവാദത്തിലാകുന്നത്. ഹിന്ദുമതത്തിന്റെ നിലനില്‍പ്പിനു ഹിന്ദുക്കളായ സ്ത്രീകള്‍ നാലു കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്നായിരുന്നു 2015ല്‍ സാക്ഷി മഹാരാജിന്റെ പരാമര്‍ശം. പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങളും സാക്ഷി മഹാരാജ് വിളിച്ചുവരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here