Parliament.jpg.image.784.410

ന്യൂഡൽഹി ∙ നൂറ് ശതമാനം ശമ്പളവർധനവെന്ന എംപിമാരുടെ ആവശ്യം കേന്ദ്രം തള്ളിയതിന് പിന്നാലെ പുതിയ നിർദേശവുമായി എംപിമാർ രംഗത്ത്. ഇതര രാജ്യങ്ങളിലെ എംപിമാരുടെ ശമ്പളവുമായി ഇവിടുത്തെ എംപിമാരുടെ ശമ്പളം താരതമ്യം ചെയ്യുകയാണ് ഇവരിൽ ചിലർ. യുഎസ്, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ എംപിമാരുടെ ശമ്പളവും സൗകര്യങ്ങളുമാണ് ഇന്ത്യയിലെ എംപിമാർ താരതമ്യം ചെയ്യുന്നത്. ഇക്കാര്യം ഇന്നു എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച സമിതിയിൽ ചർച്ചചെയ്തതായാണ് സൂചന.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടത്തുന്ന മാതൃകയിൽ എംപിമാരുടെയും ശമ്പളത്തിൽ പരിഷ്കരണം നടത്തണമെന്നാണ് സമിതിയിൽ ഉയർന്ന മറ്റൊരു നിർദേശം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല. 50,000 രൂപയിൽ‌ നിന്ന് ഒരു ലക്ഷം രൂപയായി ശമ്പളം ഉയർത്താനായിരുന്നു എംപിമാരുടെ നിർദേശം. എന്നാൽ കേന്ദ്രസർക്കാർ ഇത് തള്ളുകയായിരുന്നു.

ഈ നിർദേശത്തിനു ശേഷമാണ് സർക്കാർ ജീവനക്കാരെ പോലെ 10 വർഷം കൂടുമ്പോൾ ശമ്പളപരിഷ്കരണം നടത്തണമെന്ന ആവശ്യം എംപിമാർ മുന്നോട്ടു വയ്ക്കുന്നത്. എംപിമാരുടെ ശമ്പളത്തിൽ നേരിയ വർധന നടപ്പാക്കുന്നതിൽ കേന്ദ്രം എതിർപ്പ് കാട്ടാനിടയില്ലെന്നാണ് സൂചന. അതേസമയം മണ്ഡലങ്ങളുടെ വികസനത്തിന് എംപിമാർക്കുള്ള അലവൻസായ 45,000 രൂപയിലും ഫർണീച്ചർ അലവൻസായ 75,000 രൂപയിലും വർധന വരുത്തുന്നത് കേന്ദ്ര സർക്കാർ അനുകൂലിച്ചേക്കും. പെൻഷൻ 20,000 രൂപയിൽ നിന്ന് വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here