ടോംസ് കോളേജുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ഉമ്മന്‍ചാണ്ടി. ആരെങ്കിലും ഉന്നയിക്കുന്ന ആക്ഷേപം ഏറ്റുപിടിക്കലല്ല മാധ്യമങ്ങളുടെ ജോലി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയില്‍ അവിടുത്തെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ചെറിയ പരിപാടികളില്‍പോലും താന്‍ പങ്കെടുക്കാറുണ്ട്.

തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

മറ്റക്കര ടോംസ് കോളേജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനവുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന് എസ്.എഫ്.ഐ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്.

അതിനിടെ, കോളേജിന് എതിരായ ആരോപണങ്ങളില്‍ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും സമിതി തെളിവെടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here