രക്ഷകൻ പീഡകന്റെ വേഷമണിയുന്നത് കണ്ട അമ്പരപ്പിലാണ് കൊട്ടിയൂരിലെ സാധാരണ വിശ്വാസികളും പൊതുസമൂഹവും. കയ്യോടെ പിടിക്കപ്പെട്ടതിന് ശേഷം ‘ബ്രഹ്മചാരിയായ പുരോഹിതന് സംഭവിച്ച പിഴവ്’ എന്ന നിലയിൽ പ്രശ്നം ലഘൂകരിച്ച് കാട്ടാനുള്ള നീക്കങ്ങളും പല തലങ്ങളിൽ സജീവമാകുന്നുണ്ട്. എന്നാൽ പിഴവെന്നോ അബദ്ധമെന്നോ എന്നൊക്കെയുള്ള പ്രചാരണങ്ങൾക്ക് അപ്പുറമാണ് ഫാദർ റോബിൻ വടക്കുംചേരി എന്ന പുരോഹിതനും കൂടെയുള്ളവരും.
കൊട്ടിയൂരിൽ കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാദർ റോബിൻ വടക്കുംചേരിക്ക് പിന്നിൽ വൻ റാക്കറ്റ് തന്നെയാണുള്ളത്. പെൺകുട്ടികളെ വിശേഷിച്ച് ഹയർസെക്കണ്ടറി വിദ്യാർത്ഥിനികളെ ‘പിതൃ വാത്സല്യത്തോടെ’ കാണുന്ന റോബിനച്ചൻ, അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണ് സ്വീകരിച്ചത്. ആയിരത്തോളം അംഗങ്ങൾ ഉള്ള ഇടവകയിലെ ദരിദ്രരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് അച്ചൻ പ്രവർത്തിക്കുമ്പോൾ അതിൽ അസ്വാഭാവികതയൊന്നും നിഷ്കളങ്കരായ വിശ്വാസികൾ കണ്ടില്ല.
ദരിദ്ര പശ്ചാത്തലമുള്ള പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം മുതൽ പരീക്ഷാപഠനസഹായം വരെ എല്ലാം അച്ചൻ നൽകും. പലർക്കും സ്വന്തം മുറിയിൽ പഠിക്കാനുള്ള സൗകര്യം വരെ ഒരുക്കിയിട്ടുണ്ട്. പ്ലസ്‌ടു പഠനം കഴിയുന്നതോടെ ഇതിൽ പലരുടെയും രക്ഷാകർതൃത്വം അച്ചൻ ഏറ്റെടുക്കും. നഴ്സിങ് പഠനത്തിനുൾപ്പെടെ കർണാടകയിലെയും മറ്റും വിദൂര പട്ടണങ്ങളിൽ സൗകര്യം ചെയ്തു കൊടുക്കും. തുടർന്നും ഇവരുടെ കാര്യങ്ങൾ നോക്കുന്നത് അച്ചൻ തന്നെ.
റോബിനച്ചൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടി പ്രസവിച്ച – സഭ നേരിട്ട് നടത്തുന്ന ക്രിസ്തുരാജ് ആശുപത്രിയിലടക്കം നഴ്സിംഗ് സ്‌കൂളുകൾ ഉണ്ടെന്നിരിക്കെ ‘വിശാല മനസ്കനായ വൈദികൻ’ എന്തിനാണ് സംസ്ഥാനത്തിന് പുറത്തേക്ക് കുട്ടികളെ പഠനത്തിനയച്ചത് എന്നത് ദുരൂഹമാണ്.
അഡ്മിഷൻ ശരിയാക്കുക, പഠനത്തിന് ആവശ്യമായ സ്‌കോളർഷിപ്പുകൾ/സ്‌പോൺസർഷിപ്പുകൾ കണ്ടെത്തി നൽകുക തുടങ്ങിയവയും റോബിന്‍ നേരിട്ടാണ് ചെയ്യുന്നത്. അന്യസംസ്ഥാന സ്വാശ്രയ കോളേജുകളുമായി അടുത്ത് പ്രവർത്തിക്കുന്ന അഡ്മിഷൻ ഏജൻസികളുമായും ഫാദർ റോബിൻ അടുത്ത ബന്ധം വച്ച് പുലർത്തുന്നു. പലയിടത്തേയും ഏജന്‍റുമാണ്. അഡ്മിഷൻ, സ്‌പോൺസർഷിപ് എന്നീ തലങ്ങളിൽ ലഭിക്കുന്ന കമ്മീഷൻ തുകകൾ ആരുടെയൊക്കെ പോക്കറ്റുകളിലാണ് വീണിരുന്നത് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അച്ചൻ അഡ്മിഷൻ വാങ്ങിച്ചു കൊടുത്തിരുന്നത് ഹൊസൂരിലെ ചില കോളേജുകളിലേക്കാണെന്ന് പ്രദേശവാസികൾ തന്നെ പറയുന്നുണ്ട്. ഫാദർ റോബിന് ആ കോളേജുകളുമായുള്ള ബന്ധവും കണ്ടെത്തേണ്ടത് തന്നെ.
അഡ്മിഷൻ ഏജൻസികളേക്കാൾ ദുരൂഹമാണ് വിദേശ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനം. പഠനം കഴിഞ്ഞ ദരിദ്ര വീടുകളിലെ പെൺകുട്ടികളെ വിദേശത്ത് ജോലി നൽകി കയറ്റിവിടും. നഴ്‌സിങ് പഠനം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികളെയാണ് അച്ചൻ വിദേശത്തേക്ക് അയക്കുന്നത്. റിക്രൂട്ടിങ് ഏജൻസികൾ വഴി പുറത്തേക്ക് ജോലിക്ക് പോകുന്നു എന്നൊക്കെയാണ് വെപ്പെങ്കിലും അച്ചൻ പറയുന്നവരെയാണ് ഏജൻസികൾ കയറ്റിവിടുക.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വാർത്ത പുറത്തുവന്നതോടെ ഫാദർ റോബിൻ വിദേശത്തേക്കയച്ചവരുടെ അവസ്ഥയെക്കുറിച്ചും അന്വേഷണം വേണമെന്ന് വിശ്വാസിസമൂഹത്തിനുള്ളിൽ നിന്നുതന്നെ പതിഞ്ഞ ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള സാധ്യതകളിലേക്ക് അന്വേഷണം വേണമെന്ന് ഉച്ചത്തിൽ പറയാൻ വിശ്വാസിസമൂഹത്തിൽ നിന്നുള്ളവർ ഭയപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല, റോബിനച്ചനെയും അയാൾക്കുപിന്നിലെ ആളുകളെയും ഭയക്കുന്നു എന്നത് തന്നെ.

ഒരു കുറ്റകൃത്യത്തിൽ എത്രയധികം ആളുകൾ പങ്കെടുക്കുന്നുവോ അതിനനുസരിച്ച് വിവരങ്ങൾ പുറത്തുപോകാനും പിടിക്കപ്പെടാനും ഉള്ള സാധ്യതകൾ ധാരാളമാണ്. എന്നാൽ കൊട്ടിയൂർ സംഭവം ഒതുക്കിത്തീർക്കാനായി നടത്തിയ പ്രവൃത്തികളിൽ നിരവധിപ്പേരാണ് പങ്കാളികളായത്. കുട്ടിയുടെ കുടുംബവും ക്രിസ്തുരാജ് ആശുപത്രിയും വയനാട്ടിലെ അനാഥാലയവും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വരെ ഈ കുറ്റകൃത്യത്തിൽ പങ്കാളികളായി. ഒരിടത്ത് നിന്നും രഹസ്യം ചോരാതിരുന്നത് എല്ലാം സഭയുടെ ഇരുമ്പു മറയ്ക്കുള്ളിൽ നടന്നതിനാലാണ്.
സഭാ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു കുറ്റകൃത്യം മറച്ചു പിടിക്കാൻ ഒരു വികാരിയച്ചന് ഒറ്റക്ക് സാധിക്കും എന്നുള്ളത് നടപ്പുള്ള കാര്യമല്ല.
പ്രൊവിഷ്യൽ സുപ്പീരിയർ തന്നെ ചീഫ് ട്രസ്റ്റിയുടെ സ്ഥാനം വഹിക്കുന്ന സേക്രട്ട് ഹാർട്ട് മെഡിക്കൽ ട്രസ്റ്റിന്റേതാണ്കൂത്തുപറമ്പിലെ ക്രിസ്തുരാജ് ഹോസ്പിറ്റൽ. കാൽനൂറ്റാണ്ട് പ്രവർത്തിപരിചയമുള്ള സ്ഥാപനം. വിദഗ്ധരും ഭക്തരുമായ ഡോക്ടർമാരും ആശുപത്രി സ്റ്റാഫും. പ്രസവിക്കാനെത്തിയ പെൺകുട്ടി വയസ്സുകൂട്ടിപ്പറഞ്ഞെന്നും മറ്റുമുള്ള ആശുപത്രി അധികൃതരുടെ വാദത്തെ മാറ്റി നിർത്താം. ഫാദർ റോബിൻ എന്ന ഇടവക വികാരിക്ക് സഭാ ആശുപത്രിയുടെ എല്ലാ സംവിധാനങ്ങളെയും കുറ്റകൃത്യത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞു.

ആശുപത്രിക്ക് സമാനമായി, സഭ നേരിട്ട് നടത്തുന്ന ചാരിറ്റി സ്ഥാപനത്തിലേക്കാണ് കുഞ്ഞിനെ കൊണ്ടുപോയത്. കുഞ്ഞിനെ ഏറ്റെടുക്കുമ്പോൾ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തുകയും സഭയ്ക്ക് നിയന്ത്രണമുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലും ഫാദർ റോബിന് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്യുന്നിടത്താണ് സഭയും വികാരിയാച്ചനൊപ്പം പ്രതിക്കൂട്ടിലാകുന്നത്.

നാട്ടുകാരിലൊരാൾ കാലുതെന്നി വീണ് ആശുപത്രിയിലായാൽ പോലും ചായക്കടയിലും അടുക്കളപ്പുറത്തും ചർച്ചയാവുന്ന നാട്ടിൻപുറമാണ് കൊട്ടിയൂർ എന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. എന്നാൽ കൗമാരക്കാരിക്ക് നേരെ നടന്ന പീഡനവും പിന്നീട് പ്രസവം അടക്കം നടന്നതും മാസങ്ങളോളം പുറത്തറിയാതെ സൂക്ഷിക്കാൻ കഴിഞ്ഞു. കുട്ടിയുടെ ബന്ധുക്കളെ പണം നല്‍കി കുറ്റകൃത്യത്തില്‍ പങ്കാളിയാക്കുകയാരിരുന്നു. ഭീഷണിയും ഉണ്ടായിരുന്നു.

കുടുംബത്തിന് നൽകിയ പണത്തിനു പുറമെ കൂത്തുപറമ്പ് ആശുപത്രിയിലെ പ്രസവം വയനാട്ടിലെ അനാഥാലയത്തിലെ കുഞ്ഞിന്റെ പ്രവേശനം തുടങ്ങിയവയ്ക്കും പണം ചെലവഴിച്ചത് വികാരിയച്ചൻ തന്നെ. ഈ തുകയുടെ ഉറവിടവും ദുരൂഹം. പണം, അധികാരം എന്നിവയുടെ കൃത്യമായ ഇടപെടലുകൾ നടത്താൻ സഭയുടെ ഉന്നതങ്ങളിലിരിക്കുന്നവരുടെ പിന്തുണയില്ലാതെ സാധ്യമാകില്ല എന്ന തിരിച്ചറിവ് വിശ്വാസി സമൂഹത്തിന് ഉണ്ടെങ്കിലും തുറന്നൊരു പ്രതികരണത്തിന് ആരും തയ്യാറല്ല.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾക്കിടെ ഫാദർ റോബിൻ പോലീസിന്റെ പിടിയിലായപ്പോൾ തന്നെ പുരോഹിത കർമ്മങ്ങൾ ചെയ്യുന്നതിനാൽ നിന്നും അച്ചനെ നീക്കിക്കൊണ്ട് ഉത്തരവിറക്കി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയെ സഭ ബഹുമാനിക്കുന്നു – എന്നൊക്കെയുള്ള വാഴ്ത്തിപാടലുകൾക്കപ്പുറത്ത്‌ തികച്ചും ദുരൂഹമായ നടപടിയാണ് സഭയുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് ചിലരെങ്കിലും രഹസ്യമായി പറയുന്നുണ്ട്.

സമാനമായി പുരോഹിതർ പീഡനക്കേസുകളിൽ പ്രതികളായപ്പോഴും ശിക്ഷിക്കപ്പെട്ടപ്പോൾ പോലും നടപടിയെടുക്കാതിരുന്ന സഭയാണ് ഒരു അറസ്റ്റിന്റെ പേരിൽ ഫാദർ റോബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാഫലം ഉപയോഗിച്ച് മാത്രം റോബിനച്ചൻ കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിയും. കുറ്റം മൂടിവെക്കാനുൾപ്പെടെ സഹായിച്ചവരിലേക്ക് അന്വേഷണമോ വിശ്വാസിസമൂഹത്തിന്റെയടക്കം സംശയമോ നീളാതിരിക്കാനാണ് റോബിനച്ചനെതിരെ അതിവേഗം നടപടി വന്നത് എന്നാണ് സഭയുമായി ബന്ധപ്പെട്ടവരിൽ നിന്ന് തന്നെ വ്യക്തമാകുന്ന വിവരം.

‘പുരോഹിതന്റെ ചാപല്യം’ എന്ന നിലയിൽ കേസും ഒതുക്കാൻ ഇടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എല്ലാ കുറ്റങ്ങളും ഫാദർ റോബിനിൽ മാത്രം ഒതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ഏതെങ്കിലും ഒരു രാജ്യത്ത് മറ്റൊരു വിജയ് മല്യയോ സുകുമാരക്കുറുപ്പോ ആയി കഴിയാനായിരുന്നു ഫാദർ റോബിന്റെ പദ്ധതി. ഇതിനും സഭയ്ക്കകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
വിശ്വാസികൾക്കിടയിൽ നിന്നും പൊതുസമൂഹത്തിൽ ഫാദർ റോബിൻ വിഷയത്തിൽ സഭക്കെതിരെ ഉയരുന്ന പരാമർശങ്ങളിൽ സഭാ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. റോബിനച്ചനെതിരായ നടപടികൾ കൊണ്ടുമാത്രം വിഷയം അവസാനിപ്പിക്കാൻ കഴിയുന്നില്ല എന്ന ആശങ്കയും ഇപ്പോൾ സഭക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here