kuwait-accident.jpg.image.784.410

മസ്കറ്റ് ∙ ഒമാനിലെ ഹൈമക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് മരിച്ച ഏഴ് പേരിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച പുലർച്ചയ്ക്ക് കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോകും. അപകടത്തിൽ പരുക്കേറ്റ അഞ്ച് പേരൊഴികെ ബാക്കിയുള്ളവർ ആശുപത്രി വിട്ടു. നിസ്വ ആശുപത്രിയിൽ ചികിൽസയിലുള്ളവർ സുഖം പ്രാപിക്കുന്നതായി മസ്കറ്റ് ലുലു അധികൃതർ പറഞ്ഞു. അപകടത്തിൽ മരിച്ച ബാക്കി അഞ്ചു പേർ തമിഴ് നാട് സ്വദേശികളാണ്.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ജിന്‍ഷാദ്, വലപ്പാട് ചൂലൂര്‍ സ്വദേശി ഫിറോസിന്റെ മകള്‍ ഷിഫ (മൂന്ന്) എന്നിവരാണ് മരിച്ച മലയാളികൾ. മസ്ക്കറ്റിലെ ലുലു ജീവനക്കാരും കുടുംബാംഗങ്ങളും പെരുനാള്‍ ആഘോഷിക്കുന്നതിന് സലാലയിലേക്ക് പോകുമ്പോൾ പുലർച്ചെ നാലരയ്ക്ക് ഇവർ സഞ്ചരിച്ച ബസില്‍ തമിഴ്നാട് സ്വദേശികളുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ പൂര്‍ണമായും കത്തിനശിച്ചു. ബസ് മറിയുകയും ചെയ്തു. ബസിനടിയില്‍പ്പെട്ടാണ് ജിന്‍ഷാദ്, ഷിഫ എന്നിവര്‍ മരിച്ചത്. അപകടത്തിൽ 38 പേര്‍ക്ക് പരുക്കേറ്റിരുന്നു. ലുലുവിൽ ഗ്രാഫിക്സ് വിഭാഗത്തിലായിരുന്നു ജിന്‍ഷാദ് ജോലി ചെയ്തിരുന്നത്. മരിച്ച ഷിഫയുടെ പിതാവ് ഫിറോസ് ലുലുവിൽ റോസ്റ്ററി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

തിരുച്ചിറപ്പിള്ളി സ്വദേശി ബഷീര്‍ (28), കന്യാകുമാരി സ്വദേശി ശിവഭാരതി (27), സ്റ്റീഫന്‍ (36), ദിവാകരന്‍ (38), സുരേഷ് (34) എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. ഇവരുടെ മൃതദേഹങ്ങളും തിങ്കളാഴ്ച നാട്ടിലേയ്ക്ക് എത്തിക്കും. ബസിലെ 41 പേരിൽ 24 ലുലു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here