കൊച്ചി ∙ കൊച്ചിയിൽ നടന്ന മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമെന്ന് ഡോ.ജോസ് ചാക്കോ പെരിയപുറം. ആറുമണിക്കൂർ സമയമെടുത്താണ് ലിസി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടു ദിവസത്തിനകം മാത്യുവിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയേക്കും. എയർ ആംബുലൻസിൽ ഹൃദയമെത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയയാണ്.

ശ്രീചിത്ര ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശർമയുടെ ഹൃദയം പുറത്തെടുത്ത് കൊച്ചിയിലെ രോഗിക്ക് എത്തിക്കാനായി ഇന്ത്യൻ നാവികസേനയുടെ ഡോണിയർ വിമാനമാണ് ഉപയോഗിച്ചത്. കൊച്ചിയിൽ നിന്ന് ഡോക്ടർമാരെയും കൊണ്ട് ഉച്ചയ്ക്ക് 2.20 ന് വിമാനം തിരുവനന്തപുരത്തെത്തി. വിമാനത്തിൽ നിന്ന് ഡോക്ടർമാരെ പൊലീസ് പൈലറ്റ് വാഹനത്തിന്റെ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ച് നിമിഷങ്ങൾക്കുള്ളിൽ ശ്രീചിത്രതിരുനാൾ ആശുപത്രിയിലെത്തിച്ചു.

ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ മൂന്നുമണിയോടെ ശസ്ത്രക്രിയാനടപടികൾ തുടങ്ങി. 6.20 ന് പൂർത്തിയാക്കി ഹൃദയം പുറത്തെടുത്തു. 6.51 ന് വിമാനം തിരികെ കൊച്ചിയിലേക്കു പറന്നു. 7.35 ന് കൊച്ചിയിലെത്തി. തുടർന്ന് ആശുപത്രയിലെത്തിയ ഡോക്ടർമാർ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു.

തിരുവനന്തപുരം ബാറിലെ പ്രശസ്ത അഭിഭാഷകനായ നീലകണ്ഠശർമയെ (46) കുളിമുറിയിൽ കുഴഞ്ഞുവീണതിനെത്തുടർന്നു കഴിഞ്ഞ ആറിനാണ് ശ്രീചിത്രയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്ന് ജീവൻ രക്ഷിക്കാനാകില്ലെന്ന് ഡോക്ടർമാർ ഇന്നലെ ബന്ധുക്കളെ അറിയിച്ചു. തുടർന്നാണ് അവയവദാനത്തിനു ഭാര്യ ലതയും മക്കളായ സുബ്രമണ്യ ശർമയും ഗൗതം ശർമയും സമ്മതംമൂളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here