Salman-Khan-Home.jpg.image.784.410

മുംബൈ∙ 1993ലെ മുംബൈ സ്ഫോടനക്കേസ് മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരായ ട്വീറ്റർ പോസ്റ്റ് ബോളിവുഡ് താരം സൽമാൻ ഖാൻ പിൻവലിച്ചു. അങ്ങനെ ട്വീറ്റ് ചെയ്തതിൽ നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും സൽമാൻ പറഞ്ഞു. ട്വീറ്റ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നു പിതാവ് പറഞ്ഞതായും സൽമാൻ വ്യക്തമാക്കി.

തന്റെ ട്വീറ്റ് മതവിശ്വാസത്തിന് എതിരാണെന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. എല്ലായ്പ്പോഴും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താൻ. മുംബൈ സ്ഫോടനത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. നിരപരാധിയായ ഒരാളുടെ മരണം മാനുഷീക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

ടൈഗർ മേമനെ തൂക്കിലേറ്റണമെന്ന് ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ ടൈഗർ മേമന് പകരമാകരുത് യാക്കൂബിന് തൂക്കികൊല്ലുന്നത് എന്നാണ് ഉദ്ദേശിച്ചത്. യാക്കൂബ് മേമൻ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും സൽമാൻ ട്വീറ്റിലൂടെ പറയുന്നു.

യാക്കൂബ് മേമനെയല്ല മറിച്ച് അദേഹത്തിന്റെ സഹോദരൻ ടൈഗർ മേമനെയാണ് തൂക്കിക്കൊല്ലേണ്ടതെന്നായിരുന്നു സൽമാന്റെ ട്വീറ്റ്. വിവാദ പരാമർശത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തിനുള്ള സുരക്ഷ വർധിപ്പിച്ചിരുന്നു. മുംബൈയിൽ സൽമാന്റെ വസതിക്കുമുന്നിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

പരാമർശത്തിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൽമാന്റെ അഭിപ്രായം കണക്കിലെടുക്കേണ്ടെന്ന് ശിവസേന തലവൻ ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു.

സൽമാൻ ഖാൻ ഇത്തരത്തിൽ ട്വീറ്റ് ചെയ്തത് അജ്ഞത കൊണ്ടാണെന്നും തള്ളിക്കളയണമെന്നും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാൻ അഭിപ്രായപ്പെട്ടിരുന്നു. സൽമാൻ ഇത്തരത്തിൽ ട്വീറ്റ് ചെയ്യാൻ പാടില്ലായിരുന്നുവെന്നും അദേഹം പറഞ്ഞു. യാക്കൂബ് മേമനെ നിരപരാധിയായി വിശേഷിപ്പിച്ചുകൊണ്ടുള്ള ബോളിവുഡ് സൂപ്പർതാരത്തിന്റെ ട്വീറ്റ് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽനിന്നും കനത്ത വിമർശനം വരുത്തിവച്ചിരിക്കുന്നതിനിടെയാണ് ട്വീറ്റ് പിൻവലിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here