കോഴിക്കോട്: രാഷ് ട്രീയകേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസാണ് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കാന്‍ ഇടയാക്കിയതെന്ന വ്യക്തമായ സൂചനയുമായി കെ അജിത. അതൊരു കുരുക്കലായിരുന്നുവെന്നും തന്നെയും അതേപോലെ കോയമ്പത്തൂര്‍ കേസില്‍ കുരുക്കാന്‍ ശ്രമമുണ്ടായെന്നും അജിതയുടെ ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ വെളിപ്പെടുത്തുന്നു.
പ്രമുഖ മലയാളം വാരികയില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ആത്മകഥയുടെ പുതിയ അധ്യായത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒട്ടേറെ വിവരങ്ങളുണ്ട്. മാത്രമല്ല, പ്രശസ്ത ഗായകനായിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ചെറുമക്കളായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനു പിന്നില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിനുള്ള ബന്ധവും അജിത വെളിപ്പെടുത്തുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കുള്ള ബന്ധവും കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നടത്തിയ ഇടപെടലുകളും കഴിഞ്ഞ ലക്കത്തില്‍ അജിത വിശദീകരിച്ചിരുന്നു. വെള്ളിയാഴ്ച ഇറങ്ങുന്ന പുതിയ ലക്കത്തിലാണ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിനേക്കുറിച്ചും മറ്റും പരാമര്‍ശിക്കുന്നത്.ഐസ്‌ക്രീം പാര്‍ലര്‍ കേസ് സംസ്ഥാന വ്യാപകമായി വലിയ പ്രചാരണമാക്കി മാറ്റിയെടുക്കാനും വന്‍ തോതിലുള്ള പ്രക്ഷോഭത്തിനും പിഡിപി തയ്യാറെടുക്കുകയാണെന്ന് മഅ്ദനി തന്നെയും സഹപ്രവര്‍ത്തകരെയും അറിയിച്ചതായി അജിത പറയുന്നു. മഅ്ദനി കോഴിക്കോട്ട് വന്നപ്പോള്‍ തങ്ങളെ കാണാന്‍ താല്‍പര്യപ്പെടുകയും ഗ്രോ വാസു മുഖേന തങ്ങള്‍ ചെന്നു കാണുകയുമാണുണ്ടായത്. വിശദമായി അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

 

പിന്നീട് അതിനേക്കുറിച്ച് തങ്ങള്‍ നടത്തിയ ആലോചനയില്‍ പിഡിപി മാത്രമായി ആ വിഷയം ഏറ്റെടുക്കുന്നതിനു വിട്ടുകൊടുക്കേണ്ട എന്ന് തീരുമാനിച്ചു. മഅ്ദനി വീണ്ടും കോഴിക്കോട്ട് വന്നപ്പോള്‍ അത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
ആദ്യത്തെ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടെങ്കില്‍ രണ്ടാമേത്തത് വെറും പത്ത് മിനിറ്റു മാത്രമായിരുന്നു. പക്ഷേ, അത് പിന്നീട് വലിയ വിഷയമാക്കി മാറ്റാന്‍ ശ്രമമുണ്ടായി. മഅ്ദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റു ചെയ്തതോടെ തങ്ങളുടെ കൂടിക്കാഴ്ചയെയും അതുമായി ബന്ധിപ്പിക്കാന്‍ ശ്രമമുണ്ടായി എന്നും അജിത വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here