കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ആലുവ സബ്ജയിലിലടച്ച നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപിനെ ഹാജരാക്കുന്നത്. 19തെളിവുകളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണിവ. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഡാലോചന നടന്നത് കൊച്ചിയിലെയും തൃശൂരിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ച് തെളിവെടുപ്പ് നടത്തണെമെന്ന നിലപാടിലാണു പൊലീസ്. കേസിലെ ഗൂഡാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണു ദിലീപിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി മജിസ്‌ട്രേറ്റിനു മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയാണ് ദിലീപിന്റെ ജാമ്യേപക്ഷ. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ഇതു സാധൂകരിക്കാന്‍ ആവശ്യമായ 19 പ്രാഥമിക തെളിവുകള്‍ ഹാജരാക്കുകയും ചെയ്തതിനാല്‍ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ കിട്ടുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകളെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റിനുളള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നലെ ഹാജരാക്കിയെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ആലുവ സബ്ജയിലിലേക്ക് ആണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളായിരുന്നു ദിലീപിനെതിരെ പൊലീസ് ചുമത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here