ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് രാജ്യസഭയില്‍ മൂന്നാംമൂഴം നല്‍കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനം. കഴിഞ്ഞ പോളിറ്റ് ബ്യൂറോ കൈക്കൊണ്ട നിലപാടില്‍ ഉറച്ചുനിന്ന പി.ബി യോഗം തീരുമാനം നാളെയും മറ്റന്നാളുമായി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. അതേസമയം വിഷയം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യണമെന്ന നിലപാടില്‍ ബംഗാള്‍ ഘടകം ഉറച്ചുനില്‍ക്കുകുകയാണ്.
ബംഗാളില്‍നിന്ന് ഒഴിവു വരുന്ന ആറ് രാജ്യസഭാ സീറ്റില്‍ അഞ്ചെണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ സീതാറാം യെച്ചൂരി വീണ്ടും മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വൈകാതെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് മറ്റേതെങ്കിലും നേതാവ് മത്സരിച്ചാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. അടുത്ത മാസം 18ന് യെച്ചൂരിയുടെ രാജ്യസഭാ കാലാവധി തീരാനിരിക്കെ വീണ്ടും മത്സരിക്കുകയാണെങ്കില്‍ ഈ മാസം 28നകം പത്രിക നല്‍കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗസിന്റെ പിന്തുണയില്ലാതെ യെച്ചൂരിയ്ക്ക് വിജയിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ട്ടി സെക്രട്ടറി മത്സരിച്ച് ജയിക്കുന്നത് പാര്‍ട്ടി അണികള്‍ക്ക് തെറ്റായ സന്ദേശമാകും നല്‍കുകയെന്നാണ് കാരാട്ട് പക്ഷത്തിന്റെ വാദം.
ഇതേ നിലപാട് തന്നെയാണ് കേരള ഘടകവും കൈകൊണ്ടത്. എന്നാല്‍ യെച്ചൂരി വീണ്ടും മത്സരിച്ചില്ലെങ്കിലും 2020 ഓടെ രാജ്യസഭയില്‍ സംസ്ഥാനത്ത് നിന്ന് ഒരൊറ്റ സി.പി.എം അംഗവുമുണ്ടാകില്ലെന്ന് ചൂണ്ടികാണിച്ച് യെച്ചൂരിയ്ക്ക് വേണ്ടി ബംഗാള്‍ ഘടകം ഉറച്ചുനിന്നു. കഴിഞ്ഞതവണ ചേര്‍ന്ന പി.ബി യോഗം ബംഗാള്‍ ഘടകത്തിന്റെ നിലപാട് തള്ളിയതിനാല്‍ ഇന്നലെ വലിയ ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് സൂചന. രണ്ട് ദിവസങ്ങളായി കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള പി.ബി തീരുമാനം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കേന്ദ്ര കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചചെയ്യാനുള്ള നീക്കത്തിലാണ് ബംഗാള്‍ ഘടകം.

LEAVE A REPLY

Please enter your comment!
Please enter your name here