കണ്ണൂര്‍: കേരളത്തിലെ നഴ്‌സുമാര്‍ നടത്തിയ സമരം ജയിച്ചെങ്കിലും അതിന്റെ ഫലംകിട്ടിയില്ല. കേരളത്തിലെ നഴ്‌സുമാരുടെ ശമ്പളം ഇപ്പോഴും പഴയപടി തന്നെ. മുഖ്യമന്ത്രി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് തയാറാക്കി നടപ്പാക്കുന്നതു വരെ ഇടക്കാലാശ്വാസം അനുവദിച്ചു വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ഐഎന്‍എ) ആശുപത്രി മാനേജ്‌മെന്റുകള്‍ക്കു നോട്ടിസ് നല്‍കി.
ഇതേത്തുടര്‍ന്നു ജില്ലാ ലേബര്‍ ഓഫിസര്‍ ഏഴിനു നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളുമായും ആശുപത്രി മാനേജ്‌മെന്റുകളുമായും ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയ ജൂലൈ 20 മുതല്‍ ശമ്പളവര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണു നഴ്‌സുമാരെ അറിയിച്ചിരുന്നത്.
എന്നാല്‍ സമരത്തിനു മുന്‍പു ലഭിച്ച വേതനം തന്നെയാണു കഴിഞ്ഞ ദിവസങ്ങളിലായി നഴ്‌സുമാരുടെ അക്കൗണ്ട് വഴി വിതരണം ചെയ്തിരിക്കുന്നത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20000 രൂപ നല്‍കണമെന്നു തീരുമാനിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
50നു മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളസ്‌കെയിലിനെ കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി റിപ്പോര്‍ട്ട് തയാറാക്കി നടപ്പാക്കുമ്പോഴേക്കു മാസങ്ങള്‍ കഴിയുമെന്നും അതുവരെ ഇടക്കാലാശ്വാസമായി 20000 രൂപ അനുവദിക്കണമെന്നുമാണു നഴ്‌സുമാരുടെ ആവശ്യം. അതേസമയം നഴ്‌സുമാരുടെ ശമ്പളവര്‍ധനയുടെ മറവില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാനിരക്കുകള്‍ ഇരട്ടിയാക്കിയിട്ടുണ്ട്. നഴ്‌സിങ് കെയര്‍ അടക്കമുള്ള എല്ലാ സേവനങ്ങളുടെയും നിരക്കു കൂട്ടി.

എന്നാല്‍ നഴ്‌സുമാരുടെ വേതനത്തിന്റെ പേരില്‍ രോഗികളെ പിഴിഞ്ഞിട്ടും നഴ്‌സുമാര്‍ക്കു വേതനം നല്‍കുന്നില്ലെന്നു നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബിന്‍ തോമസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here