തിരുവനന്തപുരം: രക്താര്‍ബുദ ചികില്‍സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധ. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സനേടിയ ആലപ്പുഴ സ്വദേശി ഒന്‍പതു വയസ്സുകാരിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. മാതാപിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയത്. ചികില്‍സയുടെ മുന്നോടിയായി എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്. തുടര്‍ന്നു മുംബൈ ഉള്‍പ്പെടെയുള്ള ലാബുകളില്‍ വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.

മാതാപിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്നു പരിശോധനയില്‍ വ്യക്തമായി. ആര്‍സിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികില്‍സിച്ചിട്ടില്ലെന്നും രക്തം നല്‍കിയതിലെ പിഴവാണു രോഗത്തിനു കാരണമായതെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞു. മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നല്‍കി.

മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. പരാതി വിദഗ്ധസംഘം അന്വേഷിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here