തിരുവനന്തപുരം: ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ അടുത്ത സന്ദര്‍ശനത്തിനു മുന്‍പു കേരളത്തില്‍ നാലുലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ബിജെപി. സംസ്ഥാനതലത്തില്‍ 8,000 പ്രവര്‍ത്തകര്‍ക്കാണു പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള ചുമതല. ഓരോരുത്തരും 50 വീതം പേരെ കണ്ടെത്തി ടോള്‍ ഫ്രീ നമ്പറിലൂടെ പാര്‍ട്ടി അംഗത്വമെടുപ്പിക്കണം. സംസ്ഥാനതലം മുതല്‍ പഞ്ചായത്തുതലം വരെയുള്ള നേതാക്കള്‍ക്കാണു ചുമതല.
മൊബൈല്‍ ഫോണില്‍നിന്ന് 1800 266 1001 എന്ന നമ്പറിലേക്കു വിളിച്ചാലുടനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശമെത്തും. അംഗത്വ നമ്പറും ഇതിലുണ്ടാകും. പേര്, വിലാസം, പിന്‍കോഡ്, ഇ–മെയില്‍ വിലാസം, വോട്ടര്‍ ഐഡി നമ്പര്‍ എന്നിവ സന്ദേശത്തില്‍ കാണുന്ന മറ്റൊരു നമ്പറിലേക്ക് എസ്എംഎസ് ചെയ്യുന്നതോടെ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കാനാകും.
ബിജെപി അധികാരത്തിലെത്തിയശേഷം അംഗസംഖ്യ കൂട്ടുന്നതിനായി നേരത്തേ മിസ്ഡ് കോള്‍ പദ്ധതി ഏര്‍പ്പെടുത്തിയിരുന്നു. ഇതു തട്ടിപ്പാണെന്നു കാണിച്ചു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുന്നോട്ടുവന്നിരുന്നു. ഒക്ടോബറില്‍ പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കു മുന്നോടിയായി നാലുലക്ഷം പേരെ അംഗത്വമെടുപ്പിക്കാനാണു തിരക്കിട്ട നീക്കം.

 

LEAVE A REPLY

Please enter your comment!
Please enter your name here