sonia.jpg.image.784.410

ന്യൂഡൽഹി∙ സുഷമ സ്വരാജിനെതിരെയുള്ള കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. പാർലമെന്റ് ഒരു നാടക വേദിയാണെന്നാണോ കോൺഗ്രസ് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയെ അഭിനയമെന്നു പറയുന്നത് ജനവിധിയോടുള്ള അനാദരവാണെന്നും സ്മൃതി പറഞ്ഞു.

തനിക്കെതിരെ തെളിവുകൾ കൊണ്ടുവരാനുള്ള പ്രതിപക്ഷത്തോടുള്ള വെല്ലുവിളിയായിരുന്നു സുഷമജിയുടെ പ്രസ്താവന. സോണിയജിക്ക് ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാൻ ചിലപ്പോൾ എളുപ്പമായിരിക്കും. എന്നാൽ പേപ്പർ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താൻ സോണിയയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും സ്മൃതി കളിയാക്കി.

ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ പറയുന്നു, പാർലമെന്റിന്റെ അഭിമാനമാണ് ലോക്സഭാ സ്പീക്കർ. സ്പീക്കറോടുള്ള പ്രതിഷേധകമായി കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ ഷർട്ടുകൾ അഴിച്ചുമാറ്റി. സ്ത്രീകളോടുള്ള കോൺഗ്രസിന്റെ ആദരവ് ഇങ്ങനെയാണോ? ഇതിനെയാണോ രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ സദാചാരമെന്നു പറയുന്നതെന്നും സ്മൃതി ചോദിച്ചു.

കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും കടുത്ത ആരോപണങ്ങളുന്നയിച്ചിരുന്നു. സുഷമ നാടകം കളിക്കുകയാണ്. നാടകം അഭിനയിക്കുന്നതിൽ സുഷമ സ്വരാജ് മിടുക്കിയാണെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം, ലളിത് മോദിയിൽ നിന്ന് എത്ര കോടി കൈപ്പറ്റിയെന്ന് സുഷമ സ്വരാജ് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മോഷ്ടാക്കളുടെ രീതിയിൽ എല്ലാം മറച്ചുവച്ചാണ് അവരുടെ പ്രവർത്തനം. സോണിയ ഗാന്ധി ആയിരുന്നെങ്കിൽ ഇപ്രകാരം ചെയ്യുമായിരുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

ലളിത് മോദിക്ക് യാത്രരേഖകൾ ശരിയാക്കി നൽകിയിട്ടില്ലെന്ന് ഇന്നലെ ലോക്സഭയിൽ സുഷമ വ്യക്തമാക്കിയിരുന്നു. ‘എന്റെ സ്‌ഥാനത്തു സോണിയ ഗാന്ധിയായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? വർഷങ്ങളായി കാൻസർ രോഗത്തിനു ചികിത്സയിലിരിക്കുന്ന സ്‌ത്രീയെ മരണത്തിനു വിട്ടുകൊടുക്കുമായിരുന്നോ?’ എന്നും അവർ ആരാഞ്ഞിരുന്നു. ഇതിനു മ‌റുപടിയായിട്ടാണ് ലോക്സഭയിൽ സോണിയയും രാഹുലും ആഞ്ഞടിച്ചത്.

ഇന്ത്യയിലെ നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ ഇംഗ്ലണ്ടിൽ കഴിയുന്ന ലളിത് മോദിക്കു വേണ്ടി ബ്രിട്ടിഷ് സർക്കാരിനെ സമീപിച്ച സുഷമ രാജിവയ്‌ക്കണമെന്ന ആവശ്യമാണു പ്രതിപക്ഷത്തിന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here