കൊച്ചി:ഫിലിപ്പീന്‍സില്‍ കപ്പലപകടം നടന്ന് ഒരാഴ്ചപിന്നിട്ടിട്ടും കാണാതായ ക്യാപ്റ്റന്‍ മലയാളി രാജേഷ് നായരടക്കമുള്ള പത്തുപേരെക്കുറിച്ച് ഒരുവിവരവുമില്ല. ദിവസങ്ങള്‍കഴിഞ്ഞതോടെ കപ്പല്‍കമ്പനിയും സര്‍ക്കാര്‍സംവിധാനങ്ങളും കാര്യക്ഷമമായി പ്രതികരിക്കുന്നില്ലെന്ന് രാജേഷിന്റെ കുടുംബം പറഞ്ഞു. അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനാല്‍, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ വീണ്ടുംനിര്‍ത്തിവച്ചതായാണ് വിവരം.
ഒരാഴ്ചകഴിഞ്ഞു ഫിലിപ്പീന്‍സില്‍ കപ്പലപകടംനടന്നിട്ട്. അന്നുമുതല്‍ മുംബൈ വിരാറിലെ ഈവീട്ടില്‍ രാജേഷിന്റെ ഭാര്യയും രണ്ടുകുട്ടികളും, പിന്നെ, നാട്ടില്‍നിന്നെത്തിയ ബന്ധുക്കളും കാത്തിരിക്കുകയാണ്. ആശാവഹമായ ഒരു വാര്‍ത്തയ്ക്കായി. എന്നാല്‍, പ്രതികരിക്കേണ്ടവര്‍പോലും മൗനംതുടരുന്നതോടെ ഇനി എന്തുചെയ്യണമെന്ന് ഇവര്‍ക്കറിയില്ല. രാജേഷ് ജോലിചെയ്തിരുന്ന ചെന്നൈ ആസ്ഥാനമായുള്ള കപ്പല്‍കമ്പനിയില്‍നിന്ന് ആദ്യദിവസങ്ങളില്‍ പ്രതികരണംലഭിച്ചു. പക്ഷെ, ഇപ്പോഴവര്‍ തിരച്ചിലിനെക്കുറിച്ചോ, തുടര്‍നടപടികള്‍ സംബന്ധിച്ചോ ഒന്നുംപറയുന്നില്ല.
തമിഴ്‌നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ആന്‍ഡമാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരാണ് രാജേഷിനൊപ്പം കാണാതായ മറ്റുള്ളവര്‍. പതിനാറുപേര്‍ രക്ഷപെട്ടു. പക്ഷെ, കാര്യവിവരങ്ങളന്വേഷിക്കാന്‍ രക്ഷപെട്ടവരുമായിപോലും ഈ കുടുംബത്തിന് ഇതുവരെ സംസാരിക്കാനായിട്ടില്ല.
കേന്ദ്രമന്ത്രി സുഷമാസ്വരാജ് നേരത്തെ രാജേഷിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. എന്നാല്‍, കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശിയായ രാജേഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനോ, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്താനോ കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളാരും തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here