കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. നടന്‍ ദിലീപ് ഉള്‍പ്പടെ 13 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്നു കാട്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ചു എന്ന ദിലീപിന്റെ വാദത്തിന് പോലീസ് എന്തുമറുപടി നല്‍കുമെന്ന് വ്യക്തമല്ല. എന്തായാലും പള്‍സര്‍ സുനിയുള്‍പ്പടെ ഏഴു പേര്‍ പ്രതികളായ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് അന്വേഷണ സംഘം പഴുതടച്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്.ആദ്യ കുറ്റപത്രത്തില്‍ സൂചിപ്പിച്ച പ്രകാരം കേസിലെ ഗൂഢാലോചനയാണ് പോലീസ് വിശദമായി അന്വേഷിച്ചത്.

ദിലീപാണ് ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ എന്ന് കണ്ടെത്തിയ പോലീസ് കഴിഞ്ഞ ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു.അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഇതെ തുടര്‍ന്ന് കൂടുതല്‍ സമയമെടുത്ത് സമഗ്രമായ കുറ്റപത്രം പോലീസ് തയ്യാറാക്കുകയായിരുന്നു.ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണ് കുറ്റപത്രത്തിലുള്ളത്. സൈബര്‍ തെളിവുകള്‍, ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, കുറ്റസമ്മത മൊഴികള്‍ ,സാക്ഷി മൊഴികള്‍, രഹസ്യ മൊഴികള്‍ എന്നിവയാണ് പോലീസ് ശേഖരിച്ചത്. ഇതിലെല്ലാം ദിലീപിനെതിരെ അതി ശക്തമായ തെളിവുണ്ടെന്നാണ് സൂചന.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മുന്നോടിയായി 2013 മുതല്‍ ദിലീപ് സുനിയുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കൂട്ട മാനഭംഗം ,ഗൂഢാലോചന,തട്ടിക്കൊണ്ടു പോകല്‍,ഭീഷണിപ്പെടുത്തല്‍,തെളിവു നശിപ്പിക്കല്‍,ഐ ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കോടുവില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആകെ 13 പ്രതികളാണുണ്ടെന്നാണ് വിവരം.

25ല്‍പ്പരം സാക്ഷി മൊഴികളും 20ലധികം നിര്‍ണ്ണായക തെളിവുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടാകും.അതേ സമയം പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വിവരവും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടും.

കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം നെടുമ്പാശ്ശേരിക്കടുത്ത് വെച്ച് കാറില്‍ കയറി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. ആറു ദിവസത്തിനകം കൃത്യത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് മൂന്നുമാസത്തിനുള്ളില്‍ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ദിലീപിന്റെ പങ്ക് വ്യക്തമായത്.

LEAVE A REPLY

Please enter your comment!
Please enter your name here