ആലപ്പുഴ: ജഡ്ജിയുടെ പരാമര്‍ശങ്ങളാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് തോമസ് ചാണ്ടി എം‌എല്‍‌എ. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. തനിക്കും ശശീന്ദ്രനുമെതിരെ കേസുണ്ട്. ആരാണോ ആദ്യം കുറ്റവിമുക്തനാവുന്നത് അയാള്‍ മന്ത്രിയാവുമെന്നും തോമസ് ചാണ്ടി പറഞ്ഞു.ആലപ്പുഴ നെടുമുടിയില്‍ തന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി.
വിഷയവുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിച്ചത് മുന്നണിമര്യാദയുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ സിപിഐ ഇടപെടരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസം മുമ്പ് രാജിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. തന്റെ കേസ് പരിഗണിച്ച ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് രാജിക്കാര്യം ഉയര്‍ന്നു വന്നത്.

മാര്‍ത്താണ്ഡം കായല്‍ നികത്തിയെന്ന ആരോപണം തെറ്റാണ്. അവിടേക്കുള്ള വഴി കര്‍ഷകര്‍ക്ക് സഞ്ചരിക്കുന്നതിന് വേണ്ടി മണ്ണിട്ട് വൃത്തിയാക്കുകയാണ് ചെയ്തതെന്നും തോമസ് ചാണ്ടി പറഞ്ഞു. താന്‍ ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ച്‌ അവകാശപ്പെട്ടു. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെതിരെ നാളെത്തന്നെ സുപ്രീം കോടതിയെ സമീപിക്കും. കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here