തിരുവനന്തപുരംന്മ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതാകുകയോ തകരുകയോ ചെയ്ത ബോട്ടുകളുടേയും അവയില്‍ ഉണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളുടേയും പുതിയ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കൊച്ചിയില്‍നിന്ന് പോയ ഒന്‍പതു ബോട്ടുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ആറെണ്ണം തകരുകയും മൂന്നെണ്ണം കാണാതാകുകയും ചെയ്തു. 15 മലയാളികള്‍ ഉള്‍പ്പെടെ 92 മല്‍സ്യത്തൊഴിലാളികള്‍ ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടുകാരാണ് ഏറെയും. അസം, ആന്ധ്ര സ്വദേശികളും പട്ടികയിലുണ്ട്.

സന്തോഷത്തിനു പകരം കണ്ണീരിലലിഞ്ഞ പ്രാര്‍ഥനകളോടെയാണ് തീരപ്രദേശം ഇത്തവണ ക്രിസ്മസിനെ സ്വീകരിച്ചത്. കറുത്ത കൊടികളും മരിച്ചവരുടെ ചിത്രങ്ങളുമായൊരു ക്രിസ്മസ്. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ വലിയപങ്കും തിരികെയെത്താത്തതിന്റെ സങ്കടത്തിലാണ് തീരം. പൂന്തുറയും വിഴിഞ്ഞവും ദുരന്തത്തിന്റെ ആഘാതത്തിലാണ്. പള്ളിമുറ്റത്തെ ബോര്‍ഡുകളില്‍നിന്ന് ഉറ്റവരുടെ പേരുകള്‍ വെട്ടുന്നതും കാത്തു കഴിയുകയാണ് നിരവധി കുടുംബങ്ങള്‍.

പൂന്തുറ സെന്റ് തോമസ് പള്ളിക്കു മുന്‍പില്‍ ദുരന്തത്തിനു ശേഷമുയര്‍ന്ന കൂടാരങ്ങള്‍ ഇതുവരെ നീക്കിയിട്ടില്ല. അതിനുള്ളില്‍ ഇപ്പോഴും ഉറ്റവരെ കാത്തിരിക്കുന്നവരുണ്ട്. കടലില്‍നിന്ന് ഉയിരോടെ തിരിച്ചെത്തിയ 58 പേര്‍ പൂന്തുറ പള്ളിയില്‍ ഇന്നലെ പാതിരാ കുര്‍ബാനയില്‍ കാഴ്ചകള്‍ സമര്‍പ്പിച്ചു. വള്ളവും ഗ്‌ളോബും ബലിയുടെ പ്രതീകങ്ങളായി ഇവര്‍ സമര്‍പ്പിച്ചു. പുല്‍ക്കൂടും കേക്കും ആഘോഷവുമില്ലാതെ പ്രാര്‍ഥന പൂര്‍ത്തിയാക്കി. വിഴിഞ്ഞം സിന്ധുയാത്ര മാതാ പള്ളിയിലെ തിരുനാളിന്റെയും ആഘോഷങ്ങള്‍ ഒഴിവാക്കി. നഗരങ്ങളും ആഘോഷത്തില്‍ മിതത്വം പാലിച്ചു.

ഓഖി ചുഴലിക്കാറ്റില്‍പെട്ട 207 മത്സ്യത്തൊഴിലാളികളെ (165 പേര്‍ മലയാളികള്‍) ഇനിയും കണ്ടെത്താനുണ്ടെന്നാണു കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. 132 മലയാളികളുള്‍പ്പെടെ കാണാതായ 174 തൊഴിലാളികളുടെ പേരില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ അതുമില്ല. വ്യോമ, നാവിക സേനകളുടെ തിരച്ചില്‍ തുടരുന്നു. ഇതുവരെ 74 പേര്‍ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. കണ്ടെത്താനുള്ളവരില്‍ ഭൂരിപക്ഷവും 50 വയസ്സില്‍ താഴെയുള്ളവരാണ്. 36 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍, 32 മൃതദേഹങ്ങള്‍ ആരുടെതെന്നു വ്യക്തമായിട്ടില്ല.

എന്നാല്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ കണക്ക് വ്യത്യസ്തമാണ്. 317 മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ടെന്ന് സഭ പറയുന്നു. തിരുവനന്തപുരത്തുനിന്നു ചെറുവള്ളങ്ങളില്‍ പോയ 88 പേരും വലിയ ബോട്ടുകളില്‍ പോയ 44 പേരും കൊച്ചി, തൂത്തൂര്‍ മേഖലയില്‍നിന്നു 185 പേരുമാണ് വരാനുള്ളത്. ഏതു വിധേനയും തൊഴിലാളികള്‍ തിരുപ്പിറവി ദിനത്തില്‍ വീടുകളില്‍ മടങ്ങിയെത്തുമെന്ന പ്രത്യാശ തകര്‍ന്നതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും പ്രതീക്ഷ കൈവിടാതെ പ്രാര്‍ഥനയോടെ കാത്തിരിപ്പിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here