paulതിരുവനന്തപുരം∙ യുവവ്യവസായി പോൾ മുത്തൂറ്റ്  വധം ഒന്നാം പ്രതി ജയചന്ദ്രന്‍, രണ്ടാം പ്രതി കാരി സതീഷ് എന്നിവരടക്കം 13 പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി കണ്ടെത്തി. ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവ്. നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഒൻപതു പ്രതികൾക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. ഇവർ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു.

ഒന്നാം പ്രതി ജയചന്ദ്രനും തടവിനു പുറമെ അൻപതിനായിരം രൂപയും കാരി സതീഷടക്കമുള്ള മറ്റു എട്ടു പ്രതികൾക്ക് 55,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന 10 മുതൽ 13യുള്ള പ്രതികളായ അബി, റിയാസ്, സിദ്ദിഖ്, ഇസ്മയിൽ എന്നിവർക്കാണ് മൂന്നു വർഷം തടവും 5000 രൂപ പിഴയും വിധിച്ചിരിക്കുന്നത്. ക്വട്ടേഷൻ കേസിലെ പ്രതികൾക്ക് മൂന്നു വർഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകം, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരിക്കുന്നതായി കോടതി കണ്ടെത്തി. കാരി സതീഷും ജയചന്ദ്രനുമടക്കും ഒൻപത് പ്രതികൾക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തി. മറ്റു നാലു പ്രതികൾ തെളിവു നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജഡ്ജി ആർ. രഘുവാണ് വിധി പ്രസ്താവിച്ചത്.

ഒന്നാം പ്രതി ജയചന്ദ്രൻ, കാരി സതീഷ്, സുൾഫിക്കർ, സബീർ, സത്താർ, ആറാം പ്രതി ജെ. സതീഷ് കുമാർ, ഏഴാം പ്രതി ആർ. രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.

പോള്‍ വധക്കേസിനൊപ്പം പരിഗണിച്ച ക്വട്ടേഷന്‍ കേസില്‍ 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. പോള്‍ ജോർജ് വധക്കേസിലെ ഒന്നാം പ്രതി ജയചന്ദ്രനടക്കമുളളവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ജയചന്ദ്രന്‍റെ സംഘം ക്വട്ടേഷന്‍ ഏറ്റെടുത്ത് ആക്രമണത്തിന് പോകുംവഴിയാണ് പോള്‍ കൊല്ലപ്പെട്ടത്. ഷമീര്‍ എന്നയാളെ ആക്രമിക്കാന്‍ ആലപ്പുഴ സ്വദേശി അബിയാണ് ജയചന്ദ്രന് ക്വട്ടേഷന്‍ നല്‍കിയത്. ‌ക്വട്ടേഷൻ കേസും പോൾ വധവും രണ്ടു കേസുകളായി അന്വേഷിച്ച് വെവ്വേറെ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി ഇവ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു.

വീട്ടിൽ അച്ഛനന്മമാർ തനിച്ചായതിനാൽ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അച്ഛനും അമ്മയ്ക്കും ഏക ആശ്രയം താനാണെന്ന് ജയചന്ദ്രൻ കോടതിയെ അറിയിച്ചു. അമ്മ അർബുദരോഗിയായ അമ്മയടങ്ങുന്നതാണ് തന്റെ കുടുംബമെന്നും വെറുതെ വിടണമെന്നും കാരി സതീഷ് കോടതിയിൽ പറഞ്ഞു.

കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന ഗുണ്ടകളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളായിരുന്നു. എന്നാല്‍ സിബിഐ ഇവരെ മാപ്പ് സാക്ഷികളാക്കി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയില്‍ നല്‍കിയ മൊഴി. 2012 നവംബര്‍ പത്തൊന്‍പതിന് ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. പോളിന്റെ സുഹൃത്തും ദൃക്സാക്ഷിയുമായ മനു, പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. ചേർത്തല സ്വദേശിയെ ഭയപ്പെടുത്തി ഒതുക്കാൻ ക്വട്ടേഷനെടുത്ത ചങ്ങനാശേരി സംഘം എസി റോഡുവഴി വരുമ്പോഴുണ്ടായ കൊലപാതകം യാദൃച്ഛികമാണെന്നായിരുന്നു സംസ്ഥാന പൊലീസിന്റെയും സിബിഐയുടെയും കണ്ടെത്തൽ.ആദ്യം എറണാകുളം റെയ്ഞ്ച് ഐജിയായിരുന്ന വിന്‍സന്‍ എംപോളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 25 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടികാട്ടി പോളിന്റെ അച്ഛന്‍ ഹൈക്കോടതി സമീപിച്ചതോടെ അന്വേഷണം സിബിഐക്ക് കോടതി കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here