തിരുവനന്തപുരം: വൈദ്യുതി പ്രസരണ രംഗത്ത് പ്രസരിപ്പോടെ കേരളം. ഉപയോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ഉറപ്പാക്കാൻ സംസ്ഥാനത്ത് 13 സബ്സ്റ്റേഷനുകൾ കൂടി. ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ മലപ്പുറം എളങ്കൂർ സബ്സ്റ്റേഷൻ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിന് സമർപ്പിച്ചു. തിങ്കളാഴ്ച പകൽ മൂന്നിന് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. തലശേരിയിലെ 220 കെവി സബ്സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായി.

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരുദിവസം 13 സബ്സ്റ്റേഷനുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നത്. കാസർകോട് അമ്പത്തറ, മലപ്പുറം എളങ്കൂർ എന്നിവിടങ്ങളിൽ 220 കെവി, കണ്ണൂർ ചെമ്പേരി, കോഴിക്കോട് കുറ്റിക്കാട്ടൂർ, തമ്പലമണ്ണ, മാങ്കാവ്, കൊല്ലം ജില്ലയിലെ അഞ്ചൽ, ആയൂർ, തിരുവനന്തപുരത്തെ ബാലരാമപുരം, മുട്ടത്തറ എന്നിവിടങ്ങളിൽ 110 കെവി, കാസർകോട് രാജപുരം, കണ്ണൂർ വെളിയമ്പ്ര, മലപ്പുറം പോത്തുകല്ല് എന്നിവിടങ്ങളിൽ 33 കെവി സബ്സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്. 220.53 കോടി രൂപയാണ് സബ്സ്റ്റേഷൻ നിർമാണ ചെലവ്. ട്രാൻസ്ഗ്രിഡ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് തലശേരി 220 കെ വി സബ്സ്റ്റേഷൻ നിർമിക്കുന്നത്. കിഫ്ബി സഹായത്തോടെ 66.64 കോടി ചെലവിലാണ് ഇവിടെ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ ഒരുക്കുന്നത്.

പുതിയ സബ്സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ തടസ്സരഹിതമായി വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനൊപ്പം വോൾട്ടേജ് കുറവിനും പരിഹാരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here