PENSIONതിരുവനന്തപുരം: അടുത്ത മാസം മുതല്‍ എല്ലാ ക്ഷേമപെന്‍ഷനുകളും ബാങ്കുവഴി വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ ഗുണഭോക്താവിനും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡി.ബി.ടി (ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) വഴിയാണു നല്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും അഞ്ചു പ്രധാന ക്ഷേമപെന്‍ഷനുകളും ഇപ്പോള്‍ ഡിബിടിയിലൂടെയാണു വിതരണം ചെയ്യുന്നത്. പോസ്റ്റോഫീസ് വഴി നല്കുന്ന ക്ഷേമപെന്‍ഷനുകള്‍ യഥാസമയം ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്നില്ലെന്നു വ്യാപകമായ പരാതി ലഭിച്ചതിനെ തുടര്‍ന്നാണീ നടപടി. 
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലേക്ക് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി പെന്‍ഷന്‍ കാലവിളംബം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് സെക്രട്ടറി പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി ബന്ധപ്പെട്ടു. പോസ്റ്റ് ഓഫീസില്‍ ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. കൂടാതെ, ഇടതുപക്ഷത്തിനു സ്വാധീനമുള്ള സര്‍വീസ് സംഘടനകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമപെന്‍ഷന്‍ വിതരണം തടസപ്പെടുത്തുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 
തൊഴിലുറപ്പു പദ്ധതിയുടെ വേതനം ഡിബിടി വഴിയാണു നല്കുന്നത്.   വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസിനു മുകളിലുള്ള  അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്നിവ 32 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഡിബിടി വഴി നല്കുന്നു. 2015 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഏഴു മാസത്തെ 1575.89 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ ഇപ്രകാരം വിതരണം ചെയ്തിട്ടുണ്ട്. 
ബാങ്ക് അക്കൗണ്ടുള്ള ഗുണഭോക്താക്കള്‍ അതിന്റെ വിശദാംശങ്ങളും അക്കൗണ്ട് ഇല്ലാത്തവര്‍ പുതിയ അക്കൗണ്ട് തുടങ്ങി അതിന്റെ വിശദാംശങ്ങളും ആധാര്‍ നമ്പര്‍ സഹിതം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്കണം.  

LEAVE A REPLY

Please enter your comment!
Please enter your name here