
ചെന്നൈ ∙ സംഗീത സംവിധായകൻ ജോൺസന്റെ മകൾ ഷാൻ ജോൺസനു ജന്മനാട് ഇന്ന് അന്ത്യാഞ്ജലിയേകും. ചെന്നൈയിലെ പോസ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തൃശൂരിലെത്തിച്ചു. തറവാടു വീടായ തൃശൂർ ചേലക്കോട്ടുകര തട്ടിൽ വീട്ടിൽ ഇന്നു രാവിലെ 10 മുതൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 2.30നു നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഗായികയും സംഗീത സംവിധായികയുമായ ഷാനിനെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപാർട്മെന്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു. ചെന്നൈ റോയപ്പേട്ട ആശുപത്രിയിൽ ഇന്നലെ രാവിലെ 11.30നാണു പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. പന്ത്രണ്ടരയോടെയാണു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മൃതദേഹം കാണാൻ കഴിഞ്ഞത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഷാനിനെ കാണാൻ അമ്മ റാണിയെത്തിയപ്പോൾ കണ്ടു നിന്നവർ ഉൾപ്പെടെ വിതുമ്പി. ജോൺസൺ, മകൻ റെൻ, ഇപ്പോൾ ഷാനും – ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി ഏറ്റുവാങ്ങിയ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ . നാട്ടിലേക്കുള്ള യാത്രയിൽ മകൾക്കൊപ്പം ആംബുലൻസിൽ ഇരിക്കണമെന്നു പറഞ്ഞ റാണിയെ ഏറെ പണിപ്പെട്ടാണു ബന്ധുക്കൾ മറ്റൊരു കാറിൽ കയറ്റിയത്.