കോട്ടയം: പാലാ – കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വീറുറ്റ പോരാട്ടത്തിനു കളമൊരുങ്ങുന്ന മണ്ഡലം. 52 വർഷം കെ.എം.മാണിയുടെ തട്ടകമായിരുന്ന മണ്ഡലം, അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത മാണി സി.കാപ്പനെ നേരിടാൻ രംഗത്തിറങ്ങുന്നത് മാണിയുടെ മകൻ ജോസ് കെ.മാണി. കെ.എം.മാണിയല്ലാതെ പാലായുടെ എംഎൽഎയാകുന്ന ആദ്യ വ്യക്തിയെന്ന വിശേഷണം സ്വന്തമാക്കിയ കാപ്പനെതിരെ മാണിയുടെ മകൻ തന്നെ പോരാട്ടത്തിനിറങ്ങുമ്പോൾ പാലായുടെ രാഷ്ട്രീയ കാലാവസ്ഥാമാപിനി തിളച്ചുമറിയുമെന്നുറപ്പ്

യുഡിഎഫ് പക്ഷത്തുനിന്ന് ഇടതുപാളയത്തിലേക്കുള്ള ജോസ് കെ.മാണിയുടെ ചുവടുമാറ്റത്തിനു ലഭിച്ച ഉറപ്പുകളിലൊന്ന് പാലാ സീറ്റായിരുന്നു. മാണിയുടെ മരണശേഷം ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കുകയെന്നതാണ് ജോസിന്റെ പ്രധാന ദൗത്യം. അതേസമയം, പൊരുതി ജയിച്ച സീറ്റ് നിഷേധിക്കുമെന്നുറപ്പായതോടെ എൽഡിഎഫിനെ വിട്ട് യുഡിഎഫിനൊപ്പം ചേർന്ന കാപ്പനും പാലായിൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല.

പി.ജെ.ജോസഫുമായുള്ള തർക്കത്തെ തുടർന്ന് രണ്ടില ചിഹ്നം ലഭിക്കാതെ വന്നതോടെ പൈനാപ്പിൾ ചിഹ്നത്തിലാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) സ്ഥാനാർഥി ജോസ് ടോം മത്സരിച്ചത്. പടലപ്പിണക്കം തുടർന്ന സാഹചര്യത്തിൽ നടന്ന പോരാട്ടത്തിൽ മാണി സി.കാപ്പനിലൂടെ എൽഡിഎഫ് പാലാ പിടിച്ചെടുത്തു. പാലാ പിടിക്കാനായി കാപ്പന്റെ നാലാം മത്സരമായിരുന്നു അത്. എന്നാൽ ഏറെ വൈകാതെ ജോസ് വിഭാഗം ഇടതുപാളയത്തിലേക്കു ചേക്കേറി. 

 

LEAVE A REPLY

Please enter your comment!
Please enter your name here