ജോര്‍ജ്ജ് അബ്രഹാം

സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമല്ല, അവരെ സജീവമായി പിന്തുണയ്ക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും സന്തോഷകരമായ അനുഭവമാണ് ക്യാംപയിനിംഗ് എന്നതില്‍ സംശയമില്ല. എന്റെ അനുഭവവും വ്യത്യസ്ഥമല്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സഞ്ചരിക്കാനും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും കാഴ്ചപ്പാടുകളുമുള്ള ആളുകളുമായി സംവദിക്കാനും ക്യാംപയിനിംഗിലൂടെ സാധിക്കുന്നു. ചില മുതിര്‍ന്ന നേതാക്കളോടൊപ്പം ഇരുന്നു കാഴ്ചപ്പാടുകളും ആശയങ്ങളും കൈമാറുന്നത് കൂടുതല്‍ ഹൃദയസ്പര്‍ശിയായിരിക്കും. അത്തരമൊരു വിലയേറിയ അവസരം സമ്മാനിച്ച വ്യക്തിയാണ് പ്രൊഫസര്‍ പിജെ കുര്യന്‍. കേരളത്തിലേക്കുള്ള എന്റെ യാത്രകളില്‍, ഞാന്‍ പലപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

സാധാരണയായി പരാതികള്‍ നല്‍കുന്നതിനോ, ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനോ ആയി എത്തുന്ന സന്ദര്‍ശകരാല്‍ എപ്പോഴും തിരക്കുള്ള സ്ഥലമാണ് അദ്ദേഹത്തിന്റെ താമസസ്ഥലം. ഇത്തവണ സമീപത്തെ പ്രാദേശിക ആശുപത്രിയില്‍ ഒരു ഐസിയു ബെഡ് സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന്റെ സഹായം തേടിയെത്തിയ കുറച്ചുപേരാണ് അവിടെയുണ്ടായിരുന്നത്. സാമ്പത്തികമായി മുന്നോക്കാവസ്ഥയിലുള്ളവരില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനുള്ള അവരുടെ കഴിവില്ലായ്മയെ അദ്ദേഹം വിമര്‍ശിക്കുന്നത് കേട്ടു. എന്തെങ്കിലും പുതിയ പ്രോജക്റ്റുകള്‍ വരുമ്പോള്‍ അതിന് വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിലാണ് ഇവിടെയുള്ളവരുടെ താല്‍പര്യം. കേരളത്തില്‍ ഒരുപാട് സമ്പന്നരുണ്ട്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവര്‍. എന്നാല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായും മറ്റും ഗള്‍ഫ്, യൂറോപ്പ്, അല്ലെങ്കില്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് സഹായവും നോക്കിയിരിക്കുകയാണ് ഇവിടെയുള്ളവര്‍.

അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നാണ് ഞാന്‍ എന്റെ സംഭാഷണം ആരംഭിച്ചത്. എനിക്ക് നന്ദി പറഞ്ഞതിന് ശേഷം, ജന്മദിനം ആഘോഷിക്കാന്‍ തനിക്ക് അധികം താല്‍പ്പര്യമില്ലെന്നും മാത്ൃഭൂമിയിലെ ഒരു റിപ്പോര്‍ട്ടര്‍ ലേഖനം തയ്യാറാക്കുന്നതിനായി തന്നെ വിളിച്ചപ്പോഴാണ് എണ്‍പതാം ജന്മദിനത്തിന്റെ കാര്യം താന്‍ പോലും ഓര്‍ത്തതെന്നും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പ്രതികരിച്ചു. 1941 മാര്‍ച്ച് 31 ന് പടുതോടു പല്ലത്തു പി ജി ജോസഫ്, േേറച്ചലമ്മ എന്നീ ദമ്പതികളുടെ മകനായാണ് പിജെ കുര്യന്റെ ജനനം. 1980 മുതല്‍ 1999 വരെ ആറ് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും 2005 മുതല്‍ 2018 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2012 മുതല്‍ 2018 വരെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു. രണ്ടു തവണ കേന്ദ്രമന്ത്രിയായിരുന്നു. വ്യവസായം, വാണിജ്യം, ഊര്‍ജ്ജ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ വിപ്പ് ആയിരുന്നു.

സ്വതന്ത്ര മനസ്സോടെ പ്രശ്‌നങ്ങളില്‍ പക്ഷപാതരഹിതമായി വിധി പറയാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവ് സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും പ്രശംസ ഒരുപോലെ നേടിയിട്ടുണ്ട്. ഇലക്ഷനില്‍ അപ്പര്‍ ചേംബറിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചത് അതിനാലാവാം. ചില സമയങ്ങളില്‍ അദ്ദേഹം ബിജെപിക്ക് അനുകൂല നിലപാടുകള്‍ സ്വീകരിച്ചതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയാണെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം കാണിച്ചുതരുന്നുണ്ട്. ഹൗസിന്റെ ഉന്നമനത്തിനു വേണ്ടി മന്ത്രിമാരെ അവരുടെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുവാനും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളെ ഒരുമിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ബിജെപി വാഗ്ദാനം ചെയ്ത വലിയ സ്ഥാനമാനങ്ങള്‍ അദ്ദേഹം വേണ്ടെന്നു വെച്ചത് ഓര്‍മ്മിക്കപ്പെടേണ്ടതാണ്. തന്റെ നെഹ്റുവിയന്‍ പ്രത്യയശാസ്ത്രത്തിനും ഗാന്ധിയന്‍ തത്വങ്ങള്‍ക്കും എതിരായിരുന്നതിനാലാണ് അദ്ദേഹം അവ നിരസിച്ചത്.

പ്രൊഫസര്‍ കുര്യനില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം, രാഷ്ട്രം അഭിമുഖീകരിക്കുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാനുള്ള അദ്ദേഹത്തിന്റെ വിചിത്രമായ കഴിവാണ്.  മിക്ക രാഷ്ട്രീയ നേതാക്കളും പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍, മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നതായി നടിക്കുകയും തല കുലുക്കുകയും അതേസമയം മറ്റു കാര്യങ്ങളില്‍ വ്യാപൃതരാവുകയുമാണ് ചെയ്യാറുള്ളത്. നേരേമറിച്ച് പ്രൊഫസര്‍ കുര്യന്‍ മനസ്സ് തുറന്നു സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നവനാണ്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചും നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എന്താണ് തോന്നുന്നതെന്ന് ചോദിച്ചപ്പോള്‍ അധികാരത്തിനായി മത്സരിക്കുന്ന രണ്ട് ഗ്രൂപ്പുകളല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. താന്‍ കൂടി അംഗമായ ഇലക്ഷന്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു മീറ്റിംഗ് പോലും നടത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കള്‍ തീരുമാനമെടുത്തത് ഞങ്ങൡരെയെടുക്കാം നിങ്ങളവരെയെടുത്തോ എന്ന രീതിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ മറ്റൊരു കാലാവധി നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി പക്ഷപാതപരമായ പിന്തുണ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. എന്നിരുന്നാലും, അദ്ദേഹം സ്വീകരിച്ച ഒരു ആശയമാവാം അദ്ദേഹത്തിന് രാജ്യസംഭാംഗത്വം നഷ്ടപ്പെടാന്‍ കാരണമായത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് സംസാരിച്ചപ്പോള്‍, അടുത്ത നേതാവാകാനും ഒരുപക്ഷേ മുഖ്യമന്ത്രിയാകാനുമുള്ള യോഗ്യത രമേശ് ചെന്നിത്തല പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അക്കാലത്ത് പാര്‍ട്ടിക്കുവേണ്ടി ശക്തമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഈയൊരു പ്രസ്താവന അരോചകമായിരുന്നുവെന്നത് വ്യക്തമാണ്. ആ കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇഷേടക്കേടുണ്ടാക്കിയിരുന്നു. കുര്യനെ ദില്ലിയില്‍ നിന്ന് ഒഴിവാക്കുന്നതിനും ഇത് കാരണമായി. ദില്ലിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കാബിനറ്റ് പദവിയും ഭരണകക്ഷിയുമായി ഫലപ്രദമായ ബന്ധവുമുള്ള ഒരേയൊരു നേതാവായിരുന്നു അദ്ദേഹം. എന്നാല്‍ കാലാവധി അവസാനിക്കുമ്പോള്‍ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നു.

ഈ ഗൂഢാലോചനയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് (എം) മായി ചേര്‍ന്ന് കോട്ടയത്ത് നിന്ന് പാര്‍ലമെന്റ് സീറ്റിലേക്ക് വിജയിച്ച ജോസ് കെ മാണിയെ രാജി വെപ്പിക്കുകയും കുര്യന് പകരം രാജ്യസഭയിലേക്കയക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഒരു ലോക്‌സഭാ അംഗം രാജിവച്ച് ആ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിന് ധാര്‍മ്മിക ന്യായീകരണമില്ല. ഒരു വ്യക്തിയില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിനേല്‍ക്കുന്ന തിരിച്ചടിയാണിത്. ജനങ്ങളെ സേവിക്കുകയെന്നതാണ് പ്രധാനമെങ്കില്‍ എന്തിനാണ് ഒരു രാഷ്ട്രീയ നേതാവ് സ്ഥാനമാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്? ഇത് തികച്ചും ഗൂഢാലോചനയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ധാര്‍മ്മികതയെയും മാനദണ്ഡങ്ങളെയും മാനിക്കുന്നതിനേക്കാള്‍ കുര്യനെ പുറത്താക്കുകയെന്നതായിരുന്നു അവരുടെ നിക്ഷിപ്ത താല്‍പര്യം. ജോസ് കെ മാണി ആദ്യം ഇക്കാര്യത്തില്‍ തല്‍പരനായിരുന്നില്ലെന്നും കൂട്ടുകക്ഷികളുടെ താല്‍പര്യപ്രകാരമാണ് തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തുകൊണ്ടാണ് പിജെ കുര്യന് സീറ്റ് നിഷേധിക്കുന്നത് എന്ന് ഹൈക്കമാന്‍ഡ് ചോദിച്ചപ്പോഴാണ് ഇക്കാര്യത്തിലെ അവസാന കള്ളിയും വെളിച്ചത്തായത്. രണ്ട് ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ ഒന്നാവുകയും പിജെ കുര്യന്റെ ഒരു രാജ്യസബാ സീറ്റാണോ, അതോ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആറ് ലോക്‌സഭാ സീറ്റുകളാണോ ഹൈക്കമാന്‍ഡിന് വേണ്ടത് എന്ന വെല്ലുവിളിയുയര്‍ത്തുകയുമായിരുന്നു. കടുത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കുക എന്നത് പ്രധാന ലക്ഷ്യമായിരിക്കുന്ന ഹൈക്കമാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഓരോ സീറ്റും വിലപ്പെട്ടതാണ്. അക്കാരണത്താല്‍ കുര്യന്റെ രാജ്യസഭാ സീറ്റ് നിലനിലനിര്‍ത്തുകയെന്ന കാര്യം അവര്‍ക്ക് മാറ്റിവെയ്‌ക്കേണ്ടതായി വന്നു. എന്നാല്‍ ഈ പദ്ധതികള്‍ പരാജയപ്പെട്ടുവെന്നുമാത്രമല്ല, ജോസ് കെ മാണി രാജ്യസഭയില്‍ നിന്ന് രാജിവെക്കുകയും യുഡിഎഫിനെ തന്നെ ഉപേക്ഷിച്ച് പുതിയ മേച്ചില്‍പുറം തേടി പോവുകയും ചെയ്തു.

പ്രൊഫസര്‍ കുര്യനെ സംബന്ധിച്ചിടത്തോളം, ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അകാലാവസാനം മുന്‍കൂട്ടി കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോണ്‍ഗ്രസിലെ ചിലര്‍ക്ക്, ഒരു ദൗത്യം നിറവേറ്റിയതിലുള്ള സന്തോഷമാണ്. രാഷ്ട്രീയത്തില്‍ ശാശ്വതമായ സൗഹൃദമോ ശത്രുതയോ ഇല്ല. അവസാനിക്കാത്ത താല്‍പര്യങ്ങള്‍ മാത്രമേയുള്ളൂവെന്നതിന്റെ തെളിവാണിത്. രാഷ്ട്രീയം സത്യസന്ധതയില്ലാത്ത ഒരു ഗെയിമാണ്. ഏറ്റവും മികച്ച രീതിയില്‍ ചാണക്യ തന്ത്രം ഉപയോഗിക്കുന്നവന്‍ അവിടെ വിജിയിക്കും.

പ്രൊഫ. കുര്യനെ സംബന്ധിച്ചിടത്തോളം ഖേദിക്കേണ്ട കാര്യമില്ല. അധികാരത്തിന്റെയും പദവിയുടെയും അവസരങ്ങള്‍ക്ക് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയോട് നന്ദിയുള്ളവനായിരിക്കും. ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍, അദ്ദേഹം ഒരു റിട്ടയര്‍മെന്റ് മോഡിലായിരുന്നു, എന്നിരുന്നാലും നിഷ്‌ക്രിയനായിരുന്നില്ല. അടുത്തുള്ള ആശുപത്രികളെ ഡയാലിസിസ് യൂണിറ്റുകളുമായി സജ്ജമാക്കുന്നതിനും ദരിദ്രരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് രാജീവ് ഗാന്ധി ഗുഡ്വില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം സത്യസന്ധമായി വിശ്വസിച്ചിരുന്നു. അതിനാല്‍ത്തന്നെ വര്‍ദ്ധിതവീര്യത്തോടെ അടുത്തുള്ള നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു. എണ്‍പതാം പിറന്നാള്‍ ആശംസകള്‍ പ്രൊഫസര്‍ കുര്യന്‍. ദൈവത്തിന്റെ സ്വന്തം രാജ്യത്തെ ജീവിതത്തിലേക്ക് സ്വാഗതം.

LEAVE A REPLY

Please enter your comment!
Please enter your name here