റിയാദ്: പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി വീസക്കാരുടെ ഇഖാമ (താമസാനുമതി), റീ എൻട്രി (തിരിച്ചുവരാനുള്ള അനുമതി) എന്നിവ സൗജന്യമായി നീട്ടും. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനു  വിലക്കു തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ജൂൺ 2 വരെയുള്ള റീ-എൻട്രി, ഇഖാമ, വിസിറ്റ് വീസകളുടെ കാലാവധിയാണ് നീട്ടുക. തിരിച്ചെത്താനാകാതെ ഇന്ത്യയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ തീരുമാനം ആശ്വാസം പകരും. സന്ദർശക വീസ കാലാവധിയും നീട്ടും. 

അതിനിടെ, യുഎഇ യാത്രാവിലക്ക് മറികടക്കാൻ ഉസ്ബെക്കിസ്ഥാൻ, അർമീനിയ വഴി തേടി മലയാളികൾ. യുഎഇയുടെ ഗ്രീൻപട്ടികയിലുള്ള   ഈ രാജ്യങ്ങൾ വഴി എത്തുന്നവർക്ക്  ക്വാറന്റീൻ വേണ്ട.  യുഎഇ ടൂറിസ്റ്റ്, വിസിറ്റ്,  കുറഞ്ഞ് 90 ദിവസ കാലാവധിയുള്ള റെസിഡൻസ് വീസയുള്ളവർക്കാണ് യാത്രാനുമതി. യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാൽ ഹോട്ടലിലോ ആശുപത്രിയിലോ ക്വാറന്റീനിൽ കഴിയണം. ഇതു മൂലം യാത്ര മുടങ്ങിയാൽ പുതിയ ടിക്കറ്റ് എടുക്കണം. 14 ദിവസം താമസമടക്കം ഒന്നേകാൽ ലക്ഷം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ക്വാറന്റീനിൽ കഴിയുന്നതിനിടെ, ഈ രാജ്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയാൽ നാട്ടിലേക്കു മടങ്ങേണ്ടിവരും. ഏപ്രിൽ 24 മുതലാണ് യുഎഇ ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയത്. 

ഖത്തറിൽ ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് തുടരകയാണ്. എയർബബിൾ വ്യവസ്ഥ പ്രകാരം ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഖത്തർ ഐഡിക്കു പുറമേ ആഭ്യന്തരമന്ത്രാലയത്തിന്റെ എക്സപ്ഷണൽ എൻട്രി പെർമിറ്റും നിർബന്ധം. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് 72 മണിക്കൂർ കാലാവധിയുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പത്തു ദിവസം ഹോട്ടൽ ക്വാറന്റീനും നിർബന്ധമാക്കിയിട്ടുമുണ്ട്. 

സൗദിയിൽ ഇന്ത്യ അടക്കം 20 രാജ്യക്കാർക്കു യാത്രാവിലക്കുണ്ട്. വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇന്ത്യക്കാർ എത്തിയിരുന്നെങ്കിലും കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടിപ്പോൾ.  സൗദി അംഗീകരിച്ച ഫൈസർ, അസ്ട്ര സെനക, മൊഡേണ, ജോൺസൻ ആൻ ജോൺസൻ വാക്സീനുകളിലൊന്ന് എടുത്തവർക്കു വിമാന മാർഗം എത്താൻ മാത്രമാണ് അനുമതി. മേയ് 17 മുതൽ തുറന്ന  ബഹ്റൈൻ – സൗദി കോസ് വേ വഴിയുള്ള പ്രവേശനവും  താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നിലവിൽ  വിമാന സർവീസ് ഇല്ല. കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ്, ഇൻഡിഗോയും എന്നിവ സർവീസ് നടത്തുന്നുണ്ടെങ്കിലും മടക്കയാത്രയിൽ യാത്രക്കാർക്ക് അനുമതിയില്ല. 

ബഹ്‌റൈനിൽ ഇന്നലെ മുതൽ യാത്രാനിയന്ത്രണം നിലവിൽ വന്നതോടെ ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽനിന്നുള്ളവർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ സമയപരിധിയിലുള്ള പിസി‌ആർ പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ എന്നിവയാണു മറ്റു രാജ്യങ്ങൾ.ബഹ്‌റൈൻ റസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് മാത്രമാണു പ്രവേശനം. 

LEAVE A REPLY

Please enter your comment!
Please enter your name here