
ദുബൈ: ഈ വർഷത്തെ ആദ്യപാദം അവസാനിച്ചപ്പോൾ ദുബൈ എമിറേറ്റിലെ ആകെ ജനസംഖ്യ ഒരു ശതമാനം വർധിച്ച് ഇതാദ്യമായി 36 ലക്ഷം കടന്നു. ഇതിൽ എട്ട് ശതമാനമാണ് ഇമാറാത്തികൾ.
അതായത് 11.1 ലക്ഷം പേർ. ആകെ ജനസംഖ്യയുടെ 92 ശതമാനം പേരും പ്രവാസികളാണ്. 2040ൽ ദുബൈയിലെ ജനസംഖ്യ 5.8 ദശലക്ഷമായി ഉയരുമെന്നാണ് ദുബൈ നഗരവികന പദ്ധതിയുടെ അനുമാനം.
കഴിഞ്ഞ ദിവസം ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ ജനസംഖ്യയിൽ 69 ശതമാനം പുരുഷൻമാരും 31 ശതമാനം വനിതകളുമാണ്.ലോകോത്തര നിലവാരമുള്ള അടിസ്ഥാന വികസനം, സുസ്ഥിരമായി നിയമനിർമാണം, നിയമപരമായ അന്തരീക്ഷം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥ എന്നിവയാണ് ജനസംഖ്യവർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തൊഴിലവസരങ്ങളും നിക്ഷേപങ്ങളും തേടുന്ന പതിനായിരക്കണക്കിന് പുതിയ താമസക്കാരെ നഗരം ആകർഷിക്കുന്നുണ്ട്. കോവിഡ് വ്യാപനം ആരംഭിച്ച 2020 മുതൽ ദുബൈയിലെ ജനസംഖ്യയിൽ 6.3 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.