സാങ്കേതികവിദ്യാ രംഗത്തുള്ളവര്‍ തൊഴിലവസരങ്ങള്‍ക്കായി ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയെ ഉറ്റുനോക്കുന്നുവെന്ന് പഠനം. സാങ്കേതികവിദ്യാരംഗത്തുള്ളവരേയും വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇജിഎഫ്) കൊല്‍ക്കൊത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍. കേരളത്തില്‍ നിന്ന് സര്‍വേയുടെ ഭാഗമമായ 100% പേരും ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ ജോലിയെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ആഗോള ഗെയിംമിംഗ് മേഖലയെ നയിക്കാന്‍ ഇന്ത്യയ്ക്കാകുകമെന്ന് രാജ്യമെമ്പാടും നിന്ന് സര്‍വേയില്‍ പങ്കെടുത്തവരിലെ 84.4% പേരും അഭിപ്രായപ്പെട്ടു

കൊച്ചി, സെപ്തംബര്‍ 4, 2023: ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇജിഎഫ്) കൊല്‍ക്കൊത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ ‘ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിംമിംഗ് വ്യവസായത്തിന്റെ സാധ്യതകള്‍ തുറക്കുമ്പോള്‍ – സാങ്കേതികവിദ്യാരംഗത്തുള്ളവരേയും വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി ഒരു പഠനം’ എന്ന പഠനപ്രകാരം ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് വ്യവസായത്തിന് മികച്ച വളര്‍ച്ച വളര്‍ച്ച കാഴ്ചവെയ്ക്കാനാകുമെന്ന് കേരളത്തിലെ സാങ്കേതികവിദ്യാ മേഖലയിലുള്ളവര്‍. സാങ്കേതികവിദ്യാരംഗത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയുടെ വളര്‍ച്ചാ സാധ്യതകളിലുള്ള വര്‍ധിച്ചു വരുന്ന താല്‍പ്പര്യത്തെ സംബന്ധിച്ചും മറ്റ് ഒട്ടേറെ പുതിയ വിവരങ്ങളാണ് സര്‍വേയിലൂടെ പുറത്തു വന്നിരിക്കുന്നത്.

കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലെ 4,644 സാങ്കേതികവിദഗ്ധരും വിദ്യാര്‍ത്ഥികളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതനുസരിച്ച് ഈ രംഗത്തെ വിദ്യാര്‍ത്ഥികളും പ്രൊഫഷനലുകളും ശക്തമായ താല്‍പ്പര്യമാണ് ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയോട് കാണിക്കുന്നത്. രാജ്യമെമ്പാടും നിന്നായി സര്‍വേയില്‍ പങ്കെടുത്തവരില്‍ 72.5% പേരും ഈ രംഗത്തെ കരിയര്‍ വളര്‍ച്ചയോട് ശക്തമായ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് ഇന്ത്യയിലിരുന്ന് ലോകത്തിനായി സൃഷ്ടിക്കാനുള്ള അവസരത്തിലൂടെ വിദേശ തൊഴിലുകള്‍ക്കായുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്ക് (ബ്രെയിന്‍ ഡ്രെയിന്‍) ചെറുക്കാന്‍ ഈ മേഖലയ്ക്കാകുമെന്ന് 60% പേര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്ന് സര്‍വേയുടെ ഭാഗമമായ 100% പേരും ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ ജോലിയെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ സംഗതി. ഈ രംഗത്തെ അപ്സ്‌കില്ലിംഗ് ആര്‍ജിച്ച് ഈ വ്യവസായമേഖലയ്ക്കായി ഗണ്യമായ തോതില്‍ സംഭാവന ചെയ്യാനാകുമെന്നാണ് ഇവര്‍ കരുതുന്നത്.

രാജ്യത്ത് ഒരു സോഫ്റ്റ് വെയര്‍ വിപ്ലവത്തിനു തന്നെ വഴി തുറക്കാന്‍ ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയ്ക്ക് കഴിയുമെന്നാണ് കേരളത്തില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത മുഴുവന്‍ പേരും കരുതുന്നത്. രാജ്യമെമ്പാടും നിന്നുള്ളവരിലെ 68% പേരാകട്ടെ ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ പൊതുവായ നൈപുണ്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കരുതുന്നു. എഐ, എംഎല്‍, വിആര്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളോട് ചേരുമ്പോള്‍ ഈ മേഖലയ്ക്ക് കുതിച്ചു വളരാനും ഇന്ത്യയ്ക്ക് ഈ രംഗത്തെ സാങ്കേതികമുന്നേറ്റത്തില്‍ വന്‍തോതില്‍ പങ്കെടുക്കാനുമാകും.

സാങ്കേതികവിദ്യയും ഗെയിമിംഗും തമ്മിലുള്ള പ്രതീകാത്മകബന്ധം ഈ പഠനം ഉയര്‍ത്തിക്കാണിക്കുന്നതായി പഠനം പ്രകാശനം ചെയ്തുകൊണ്ട് കൊല്‍ക്കൊത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. ദിഗന്ത മുഖര്‍ജി പറഞ്ഞു. ഈ മേഖല വേഗത്തില്‍ മാറുമ്പോള്‍ ചെറുപ്പക്കാരുടെ വളര്‍ച്ചയ്ക്കും സമ്പദ് വ്യവസ്ഥയുടെ പൊതുമുന്നേറ്റത്തിനുമുള്ള അസാധാരണമായ അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദേശങ്ങളിലേയ്ക്കുള്ള ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്കില്‍ കുറവുവരുത്താന്‍ ഇന്ത്യയിലെ തദ്ദേശീയ ഗെയിമിംഗ് വ്യവസായത്തിനു കഴിയുമെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റൊരു പ്രൊഫസറായ ഡോ. ശുഭമോയ് മുഖര്‍ജി ചൂണ്ടിക്കാണിച്ചു. ബൗദ്ധികമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോഴും സാങ്കേതികവിദ്യാ രംഗത്തെ പ്രൊഫഷനലുകള്‍ക്ക് ഈ മേഖലയോട് ശക്തമായ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൈസേഷന്‍ യുഗത്തിലെ കുതിച്ചുയരുന്ന മേഖലയാണ് ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗെന്ന് ഇ-ഗെയിമിംഗ് ഫെഡറേഷന്‍ സെക്രട്ടറി മലായ് കുമാര്‍ ശുക്ല പറഞ്ഞു. ‘നൂതനമായ സാങ്കേതികവിദ്യകളുടെ വരവും ബിസിനസ് താല്‍പ്പര്യങ്ങളും ഈ മേഖലയില്‍ പെരുകുന്നു. കഴിഞ്ഞ ദശകത്തിനിടെ ഈ രംഗത്തുണ്ടായ വന്‍ നിക്ഷേപങ്ങളും എഐ/എംഎല്‍ പോലുള്ള സാങ്കേതികവിദ്യകളുടെ വരവും ഈ രംഗത്ത് കരിയര്‍ വളര്‍ച്ച തേടാന്‍ സാങ്കേതികവിദഗ്ധരേയും വിദ്യാര്‍ത്ഥികളേയും പ്രേരിപ്പിക്കുന്നു. ആഗോള ഗെയിമിംഗ് മേഖലയുടെ കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് സാധ്യതകളുണ്ട്. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ എന്നതിലേയ്ക്കും ഈ മേഖലയ്ക്ക് ഗണ്യമായ സംഭാവനകള്‍ ചെയ്യാനാകും,’ മലായ് കുമാര്‍ ശുക്ല പറഞ്ഞു.

2021-22 അധ്യയനവര്‍ഷം 2 ലക്ഷത്തിലേറെ കുട്ടികളാണ് 1ഉപരിപഠനത്തിനായി യുഎസിലേയ്ക്ക് പോയത്. 2021 വര്‍ഷം 2ഇന്ത്യയിലെ ഐടി വ്യവസായം 25.2% അട്രിഷന്‍ നിരക്കും (ജീവനക്കാരുടെ ശോഷണം) നേരിട്ടു. തുടര്‍ച്ചയായ ഈ കുടിയേറ്റവും മസ്തിഷ്‌കചോര്‍ച്ചയും നിമിത്തം 2025-ഓടെ 20 മുതല്‍ 22 ലക്ഷം വരെ ഐടി-ബിപിഎം പ്രൊഫഷനലുകള്‍ ഇന്ത്യ 3വിട്ടുപോകുമെന്നാണ് കരുതുന്നത്. ഈ സന്ദര്‍ഭത്തിലാണ് മികച്ച കരിയര്‍ അവസരങ്ങളുമായി ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല ഉയര്‍ന്നു വരുന്നത്.

ഹാര്‍ഡ് വെയര്‍, ആരോഗ്യരക്ഷ, ഫിന്‍ടെക്, ബയോടെക്, എഐ തുടങ്ങിയ മേഖലകളിലായി 4100 സ്റ്റാര്‍ട്ടപ്പുകള്‍ 4കേരളത്തിലുണ്ട്. ലോകത്തെ ഏറ്റവും മികച്ച പൊതുമേഖലാ ഇന്‍കുബേറ്ററുകളിലൊന്നായ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സാങ്കേതിവിദ്യകളിലൂന്നുന്ന സംരംഭങ്ങള്‍ക്കു നല്‍കുന്ന പ്രോത്സാഹനങ്ങളിലൂടെ സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ വന്‍ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതിവിദ്യാതലങ്ങളില്‍ ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് പഠനം അടിവരയിടുന്നത്. ഇത് സാധ്യമാകണെങ്കില്‍ നൂതനസാങ്കേതികവിദ്യകള്‍, നൈപുണ്യവികസനം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നയരൂപീകരണരംഗത്തുള്ളവരും വ്യവസായ പ്രമുഖരും വിദ്യാഭ്യാസമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കണം.

ഇജിഎഫിനെപ്പറ്റി:

ഉപയോക്തൃതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ഇ-ഗെയിമിംഗ് ഖേല സൊസൈറ്റീസ് റെഗുലേഷന്‍ ആക്റ്റിനു കീഴില്‍ രൂപീകരിച്ച സ്വയം നിയന്ത്രണ സംഘടനയാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇ-ഗെയിമിംഗ് ഫെഡറേഷന്‍ (ഇജിഎഫ്). സുരക്ഷിതവും സുതാര്യവും ന്യായവും ഉത്തരവാദിത്തമുള്ളതുമായ ഗെയിമിംഗിനുള്ള നിലവാര ഘടനയും പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളും വികസിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. നിയന്ത്രിത ഓണ്‍ലൈന്‍ ഗെയിമിംഗിന് അനുകൂലമായ നയരൂപീകരണങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഏകീകൃതശബ്ദമാണ് സംഘടന.

ഇ-ഗെയിമിംഗിനെപ്പറ്റിയുള്ള കാഴ്ചപ്പാടില്‍ നല്ല മാറ്റം വരുത്താനും കളിക്കുന്നവര്‍ അവരുടെ സാമ്പത്തികനിലയ്ക്ക് മുകളിലും കൂടുതല്‍ സമയവും ഗെയിമുകളില്‍ ഏര്‍പ്പെടാത്തവിധം ഉത്തരവാദിത്തത്തോടെ കളിക്കുന്നതിനുള്ള ഒരു നയമാണ് ഇജിഎഫ് പിന്തുടരുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിലെ മോശം പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനായി കളിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള ന്യായവും സുരക്ഷിതവുമായ പ്ലേ ചട്ടങ്ങളാണ് ഇജിഎഫ്-അംഗീകൃത ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ മുന്നോട്ടു വെയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here