അജു വാരിക്കാട്

ഒരു വ്യക്തിയുടെ ജീവിതാലക്ഷ്യം എന്തെന്ന് തിരിച്ചറിഞ്ഞ് അവയെ പിന്തുടരുവാനുള്ള പരിശ്രമമാണ് വേണ്ടതെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാ ബായി അഭിപ്രായപ്പെട്ടു. ആന്‍ ഇന്റര്‍നാഷണല്‍ മലയാളി നേഴ്‌സസ് അസംബ്ലി (എയിംന)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ ദിന ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു ദയാബായി. എയിംനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും ശ്രദ്ധേയമായി.

സൂം പ്ലാറ്റ്‌ഫോമില്‍ നടത്തിയ പരിപാടി കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ റജിസ്ട്രാര്‍ പ്രൊഫ: ഡോ: പി .എസ്. സോന ഉദ്ഘാടനം ചെയ്തു. സ്വയം എടുക്കുന്ന തീരുമാനങ്ങളില്‍ കൂടി മാത്രമേ വനിത ശാക്തീകരണം പൂര്‍ണ്ണമാകൂ എന്ന് അവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശവും സ്ത്രീസുരക്ഷയും ഹനിക്കപ്പെടുന്ന നാടായി കേരളം മാറിയെന്നും ദയാ ഭായി പറഞ്ഞു. തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് ആഭിമുഖ്യം ഇല്ലെന്നും ബൈബിളില്‍ വ്യാഖ്യാനിക്കപ്പെടുന്ന പാവങ്ങളുടെ സുവിശേഷവും ഒപ്പം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവുമാണ് തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താഴെക്കിടയില്‍ ഉള്ളവരുടെ ജീവിതവുമായി ഇഴുകി ചേരുക എന്ന തന്റെ ജീവിതലക്ഷ്യം പിന്തുടര്‍ന്നാണ് സാമൂഹിക സേവന രംഗത്ത് എത്തിയത്. ഒരു നേഴ്‌സ് എന്ന നിലയില്‍ പഠന സമയത്ത് ഉണ്ടായ അനുഭവങ്ങളും അതിലേക്ക് വ്യക്തമായി സ്വാധീനിച്ചു. തനിക്ക് ദൈവവുമായി പുക്കിള്‍ കൊടി ബന്ധമാണ് ഉള്ളത്. തന്റെ പ്രവര്‍ത്തന മേഖലയില്‍ അതിന്റെ പ്രതിഫലനമാണ് കാണാന്‍ സാധിക്കുന്നത്.

ആധുനിക കാലഘട്ടത്തില്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നതില്‍ ഒത്തിരി വേദനിക്കുന്ന ആളാണ് താന്‍. മനുഷ്യ ബന്ധങ്ങളില്‍ വിള്ളല്‍ വീണാല്‍ അതിനെ ശരിയാക്കാന്‍ പരിശ്രമിക്കുക. അല്ലെങ്കില്‍ മാത്രം മറ്റ് വഴികളിലേക്ക് ചിന്തിക്കാവൂ എന്നും ദയാഭായി അഭിപ്രായപ്പെട്ടു. എയിംന സ്ഥാപകന്‍ സിനു ജോണ്‍ കറ്റാനം ഏകോപനം നിര്‍വഹിച്ച പരിപാടിയില്‍ അയര്‍ലണ്ടില്‍ നിന്നും ജിഷ ഷിബു അവതാരകയായും ഓസ്‌ട്രേലിയയില്‍ നിന്ന് ബിസി തോപ്പില്‍, ബിന്ദു പി ആര്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ജിജി പ്രിന്‍സ്, അമേരിക്കയില്‍ നിന്ന് അനില സന്ദീപ് എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കാളികളായി. ഷാനി ടി. മാത്യുവും മാത്യു വര്‍ഗീസും സാജു സ്റ്റീഫനും സാങ്കേതിക പിന്തുണ നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി നേഴ്‌സുമാര്‍ സമൂഹമാധ്യമങ്ങള്‍ വഴി പരിപാടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here