കേന്ദ്ര പ്രാവീണ്യ വികസന, സംരഭകത്വ വകുപ്പു മന്ത്രി (സ്വതന്ത്ര ചുമതല) ജയന്ത് ചൗധരിയാണ് ആരോഗ്യരക്ഷാ പ്രവര്‍ത്തകരെ ആദരിച്ചത്ന്യൂഡെല്‍ഹി: ജര്‍മന്‍ഭാഷയില്‍ ബി1 ലെവല്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 32 നഴ്‌സുമാരെ ന്യുഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രാവീണ്യ വികസന, സംരഭകത്വ (എംഎസ്ഡിഇ) വകുപ്പു മന്ത്രി (സ്വതന്ത്ര ചുമതല) ജയന്ത് ചൗധരി ആദരിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ആഗോള തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രോത്സാഹനമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

സ്‌കില്‍ ഇന്ത്യാ മിഷനു കീഴിലെ സ്‌കില്‍ ഇന്ത്യാ ഇന്റര്‍നാഷനല്‍ സംഘടിപ്പിച്ച 2, 3 മാസ കാലാവധിയുള്ള റെസിഡെന്‍ഷ്യല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയാണ് ആദരിച്ചത്. ഇന്ത്യയെ തൊഴില്‍പ്രാവീണ്യം നേടിയവരുടെ ആഗോള ഹബ്ബാക്കുന്നതിനുള്ള കേന്ദ്ര്‌സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പരിശീലന പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബിഎസ് സി നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി (ജിഎന്‍എം) എന്നീ ബിരുദങ്ങള്‍ ലഭിച്ചവരെയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. ജര്‍മന്‍ വംശജരായ ഭാഷാവിദഗ്ധരാണ് ഈ പരിപാടിയിലെ പരിശീലകര്‍.ജനസംഖ്യയില്‍ വലിയൊരു വിഭാഗം ചെറുപ്പക്കാരുണ്ടെന്നത് ഇന്ത്യയെ 2047-ഓടെ ഒരു വികസിതരാജ്യമാക്കാന്‍ പോന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു.

ആഗോളതലത്തിലാണെങ്കില്‍ തൊഴില്‍പ്രാവീണ്യമുള്ളവര്‍ക്ക് വലിയ ഡിമാന്‍ഡ് നിലനില്‍ക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥ പിന്നോട്ട് വളര്‍ന്നാലും 2030ഓടെ 8.5 കോടി തൊഴിലവസരങ്ങളാണ് ആഗോളരംഗത്ത് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.വയോധികരുടെ എണ്ണം ഉയര്‍ന്ന നില്‍ക്കുന്ന ജര്‍മനിയില്‍ മാത്രം 18 ലക്ഷം തൊഴിലവസരങ്ങളാണ് ആരോഗ്യരക്ഷാ മേഖലയിലുള്ളത്. ഇതു കണക്കിലെടുത്താണ് സ്‌കില്‍ ഇന്ത്യാ ഇന്റര്‍നാഷനല്‍ വിവിധ പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.തൊഴില്‍പ്രാവീണ്യം നേടിയ 58,000 ഇന്ത്യക്കാരാണ് ഈയിടെ മാത്രം വിവിധ രാജ്യങ്ങളില്‍ ജോലികളില്‍ പ്രവേശിച്ചത്. ഇവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനു നേതൃത്വം നല്‍കിയ വികസന, സംരഭകത്വ വകുപ്പിനേയും എന്‍എസ്ഡിസി ഇന്റര്‍നാഷനലിനേയും മന്ത്രി അഭിനന്ദിച്ചു.

ടിഇഎല്‍സി വഴിയാണ് ചടങ്ങില്‍ ആദരിക്കപ്പെട്ട 32 ഉദ്യോഗാര്‍ത്ഥികളും ബി1 ലെവല്‍ ജര്‍മാന്‍ ഭാഷാ പരിശീലനം പൂര്‍ത്തിയാക്കിയത്. പ്രതിമാസം 2300 മുതല്‍ 2700 വരെ യൂറോ ശമ്പളത്തില്‍ (2 ലക്ഷം രൂപയ്ക്കു മേല്‍) ഇവര്‍ വിവിധ ആശുപത്രികളിലും മറ്റും നിയമിതരാകും. ജര്‍മനിയില്‍ച്ചെന്ന് ബി2 പൂര്‍ത്തിയാക്കുന്നതോടെ ഇവരുടെ ശമ്പളം മൂന്ന്-നാല് ലക്ഷം രൂപയാകും. ചടങ്ങിനു ശേഷം ജര്‍മനിക്കു തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ വഹിച്ചു കൊണ്ട് വിമാനത്താവളത്തിലേയ്ക്കു പോകുന്ന ബസ്സുകളുടെ ഫ്‌ളാഗ് ഓഫും നടന്നു.ജര്‍മന്‍ അംബാസഡര്‍ ഡോ ഫിലിപ്പ് അക്കെര്‍മാന്‍, എംഎസ്ഡിഇ സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി, എഎന്‍എസ്ഡിസി സിഇഒയും എംഡിയുമായ വേദ് മണി തിവാരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഓക്‌സില അക്കാദമിയുമായി ചേര്‍ന്നാണ് എന്‍എസ്ഡിസി ഈ ജര്‍മന്‍ഭാഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്