ഒടുവില്‍ തമിഴ്‌രാഷ്ട്രീയം പ്രതീക്ഷിച്ചപോലെതന്നെ അമ്മയുടെ മരണത്തെത്തുടര്‍ന്ന് അണ്ണാ ദ്രാവിഡ പാര്‍ട്ടിയുടെ തലപ്പത്തും ശശികല എത്തിയിരിക്കുന്നു. പക്ഷേ പാര്‍ട്ടിയുടെ അവസാന വാക്കായി ശശികല മാറുമ്പോള്‍ വ്യത്യാസം അനവധിയുണ്ട്. വാക്കിനു മറുവാക്കില്ലാത്ത രാജ്ഞിയായിരുന്നു ജയയെങ്കില്‍ പല നിലയ്ക്കും പ്രതിരോധം സ്വീകരിക്കേണ്ടി വരുന്ന ‘ചിന്നമ്മ’യാണു ശശികല. ആ പ്രതിരോധത്തെ മറികടക്കാനായാല്‍ ചിന്നമ്മയില്‍ നിന്നും അമ്മയിലേക്കുള്ള ദൂരം മാഞ്ഞുമാഞ്ഞു വന്നേക്കാം.

ജയലളിതയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തെ എഡിഎംകെ മറികടക്കാനൊരുങ്ങുന്നതു ശശികല നടരാജന്റ സ്ഥാനാരോഹണത്തിലൂടെയാണ്. ഒന്നുമില്ലായ്മയില്‍ നിന്നുയര്‍ന്നുവന്നു തമിഴകം കീഴടക്കിയ ജയലളിതയുടെ കഥപോലെതന്നെ, യാഥാര്‍ത്ഥ്യവും ദുരൂഹതയും സമം ചാലിച്ചതാണു ജയയുടെ പിന്തുടർച്ചക്കാരിയായി അണ്ണാ ഡിഎംകെയുടെ സാരഥിയായുയർന്നിരിക്കുന്ന ശശികലയുടേതും. ‘മന്നാര്‍ഗുഡി’ കുടുംബത്തില്‍ നിന്നും തമിഴ്‌നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തെത്തി നില്‍ക്കുന്ന ചിന്നമ്മയുടെ യാത്ര പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും എങ്ങനെ ഉള്‍ക്കൊള്ളുമെന്നു ഉറ്റുനോക്കുകയാണ് മറ്റു ദ്രാവിഡ കക്ഷികള്‍.

എൺപതുകളിലാണു ജയലളിതയുടെ തോഴിയായി ശശികല രംഗപ്രവേശം ചെയ്യുന്നത്. ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയിലൂടെയായിരുന്നു ആ ബന്ധം ആരംഭിച്ചത്. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ ചന്ദ്രലേഖയുടെ പിആര്‍ഒ ആയിരുന്നു. ജയലളിതയുടെ സ്വകാര്യ ചടങ്ങുകള്‍ വീഡിയോയിലാക്കാന്‍ നടരാജനുവേണ്ടി ശശികല അനുവാദം ചോദിക്കുകയും, എന്നും വെള്ളിവെളിച്ചത്തെ സ്‌നേഹിച്ചിരുന്ന ജയലളിത അതു സമ്മതിക്കുകയുമായിരുന്നു. അങ്ങനെയാണ് ജയലളിതയും ശശികലയും തമ്മിലെ നീണ്ട ആത്മബന്ധത്തിനു തുടക്കമായത്. ജയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എംജിആര്‍ ഏര്‍പ്പെടുത്തിയതായിരുന്നു ശശികലയെയെന്ന ആരോപണങ്ങൾ പോലും ഈ ബന്ധം മുറുകിയതോടെ കെട്ടടങ്ങുകയായിരുന്നു.

എംജിആറിന്റെ മരണത്തോടെ അണ്ണാദ്രാവിഡ രാഷ്ട്രീയം രണ്ടു തട്ടിലായപ്പോഴും ശശികല ജയലളിതയ്ക്കു താങ്ങും തണലുമായി കൂടെനിന്നു. എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്നും ജാനകിയുടെ അനുയായികള്‍ തള്ളിത്താഴെയിട്ട ജയയെ താങ്ങിയ ശശികലയുടെ കൈകള്‍ പിന്നീടങ്ങോട്ടും അങ്ങനെതന്നെ തുടര്‍ന്നു. 1989ല്‍ ജയലളിതയോടൊപ്പം പോയസ് ഗാര്‍ഡനില്‍ താമസമാക്കിയ ശശികല 1991ല്‍ ജയ മുഖ്യമന്ത്രിയായതോടെ ‘ചിന്നമ്മ’യായി മാറി. ജയയുടെ ഭരണകാര്യങ്ങള്‍ ഒഴിച്ചുള്ള ദൈനംദിനകാര്യങ്ങളെല്ലാം തീരുമാനിക്കുന്നതു ചിന്നമ്മയായിത്തീർന്നു. എഡിഎംകെ പ്രമുഖര്‍ക്കുപോലും ശശികലയുടെ അനുവാദമില്ലാതെ ജയലളിതയെ കാണാന്‍ സാധിക്കാത്തവിധത്തിലായിരുന്നു ഇവർ തമ്മിലെ ബന്ധം.

എന്നാല്‍ ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളും ഉണ്ടായിരുന്നു. ജയയുടെ ദത്തുപുത്രനായി ശശികലയുടെ മരുമകന്‍ സുധാകരന്‍ മാറുകയും 1995ല്‍ സുധാകരന്റെ വിവാഹത്തിനു ചെലവാക്കിയ ആറു കോടരൂപ ജയലളിതയെ രാഷ്‌ട്രീയമായി പ്രതിരോധത്തിലാഴ്ത്തുകയും ചെയ്തു. മറ്റുവഴികളൊന്നുമില്ലാതെ ശശികലയെ ജയയ്ക്കു കൈയൊഴിയേണ്ടി വന്നു. ഒരുകാലത്തു ‘ഉടൈപ്പിറന്ന സഹോദരി’യെന്നു ലോകത്തിനു പരിചയപ്പെടുത്തിയ ശശികലയുമായി തനിക്കു ബന്ധങ്ങളേതുമില്ലെന്നും ജയലളിത പറഞ്ഞു. കൂട്ടത്തില്‍, സുധാകരന്‍ തന്റെ ദത്തുപത്രനല്ലെന്നും ജയ പ്രഖ്യാപിക്കുന്ന നില വന്നു.

എന്നാല്‍ ആ പിണക്കത്തിനു ആയുസ്സു കുറവായിരുന്നു. ജയില്‍ശിക്ഷ കഴിഞ്ഞു തിരിച്ചെത്തിയ ജയലളിതയെ സ്വീകരിക്കാന്‍ ശശികലയുമുണ്ടായിരുന്നു. സര്‍വ്വശക്തയായി തിരിച്ചെത്തിയ ജയ തമിഴ് രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തയായി മാറി.

2001 ല്‍ ജയലളിത തമിഴ്‌നാട്ടില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി. അതിനൊപ്പം ശശികലയും ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. പാര്‍ട്ടിസ്ഥാനങ്ങളിലും ജനപ്രതിനിധികളിലും വന്‍ വ്യവസായ സംരംഭങ്ങളിലും ‘മന്നാര്‍ഗുഡി മാഫിയ’യുടെ ഇടപെടല്‍ നടന്നു. അതിനെല്ലാം മൗനാനുവാദം നല്‍കി ജയ ശശികലയെ തുടർന്നും വളര്‍ത്തി. തമിഴ്‌നാട്ടില്‍ ഭരണം നടത്തുന്നതു ജയലളിതയല്ല, മന്നാര്‍ഗുഡി മാഫിയ ആണെന്നുവരെ സുബ്രഹ്മണ്യന്‍സ്വാമിയെപ്പോലുള്ളവർ വിമർശിച്ചിരുന്നു. ഈ ചീത്തപ്പേരിന്റ ഫലമെന്നവണ്ണം 2006ല്‍ എഡിഎംകെയ്ക്കു തമിഴ്‌നാട്ടില്‍ അധികാരവും നഷ്ടപ്പെട്ടു.

2011ല്‍ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ആദ്യം ചെയ്തത് ശശികലയേയും ബന്ധുക്കളേയും പോയസ് ഗാര്‍ഡനില്‍ നിന്നു പുറത്താക്കുകയായിരുന്നു. ‘നമതു എംജിആര്‍’ എന്ന വാരികയുടെ പബ്ലിഷര്‍ പദവിയില്‍ നിന്നും ശശികലയെ ഒഴിവാക്കി. ശശികലയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ശക്തമായ നടപടിയെടുക്കാനും ജയലളിത തീരുമാനിച്ചു.

കിട്ടിയ അധികാരം നിലനിര്‍ത്തുക എന്നതിലുപരി ഈ നടപടികളില്‍ മറ്റൊന്നും രാഷ്ട്രീയ പ്രതിയോഗികള്‍ കണ്ടില്ല. അതുശരിവച്ചുകൊണ്ട്, അധികം താമസിയാതെ ശശികല പൂർവ്വപ്രതാപത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

പക്ഷേ ഈ തിരിച്ചുവരവിനു ഒരു പ്രത്യേകതയുണ്ടായി. ജയയുമായുള്ള തന്റെ ബന്ധത്തിനു കാരണക്കാരനായ ഭര്‍ത്താവ് നടരാജനെ ഒഴിവാക്കിയാണ് ശശികല അവസാനം ജയലളിതക്കൊപ്പം എത്തിയത്. കാലാന്തരത്തില്‍ കരുണാനിധിക്കൊപ്പം ചേക്കേറിയ നടരാജനെ ജയയ്ക്കു വേണ്ടി ശശികല ഒഴിവാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here