കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് വ്യക്തമായ തെളിവുണ്ടെങ്കില്‍ വൈകിപ്പിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ് റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു. ഇക്കാര്യത്തില്‍ അനാവശ്യമായ അഭ്യൂഹങ്ങളും മറ്റും പ്രചരിക്കാന്‍ കൂടുതല്‍ ഇട നല്‍കരുതെന്നും നിര്‍ദേശിച്ചതായാണ് വിവരം. അത് അന്വേഷണ സംഘത്തിന്റ മേല്‍നോട്ടച്ചുമതലയുള്ള എഡിജിപി ബി സന്ധ്യ, അന്വേഷണ സംഘത്തലവന്‍ ഐജി ദിനേന്ദ്ര കശ്യപ് എന്നിവരെ ലോക്‌നാഥ് ബെഹ് റ അറിയിക്കുകയും ചെയ്തു.

കേസില്‍ നേരത്തേ അറസ്റ്റിലായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറുമായി ദിലീപിനും നാദിര്‍ഷായ്ക്കും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായാണ് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചതത്രേ. എങ്കില്‍ എന്താണ് അറസ്റ്റിനു തടസമെന്ന് മുഖ്യമന്ത്രി ആരാഞ്ഞതായി സൂചനയുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കു വേണ്ടി അന്വേഷണ സംഘം ശ്രമിക്കുകയാണെന്ന മറുപടിയില്‍ തൃപ്തനാകാതെയാണ്, അഭ്യൂഹങ്ങള്‍ക്ക് അവസരം കൊടുക്കാതെ ശരിയായ തീരുമാനമെടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചത്.

അതിനിടെ, ദിലീപും നാദിര്‍ഷായും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന സൂചനയേത്തുടര്‍ന്ന് രണ്ടു ദിവസമായി കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ നെട്ടോട്ടമാണ്. എന്നാല്‍ അതീവ രഹസ്യമായി ഇരുവരും ജാമ്യാപേക്ഷ നല്‍കിയെന്ന സൂചനയുമുണ്ട്. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നടനും സംഘവും അഭിഭാഷകരും വിവരം മറച്ചുവയ്ക്കുകയാണെന്ന സംശയം ശക്തമാണ്. മാധ്യമങ്ങളെ കോടതിയില്‍ നിന്ന് വിലക്കിയിരിക്കുന്നതിനാല്‍ ഇത്തരം ഒത്തുകളികള്‍ പുറത്തുവരാന്‍ വഴികളുമില്ല. രണ്ടുപേര്‍ക്കും മുന്‍കൂര്‍ ജാമ്യത്തിന് അവസരം നല്‍കാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന സൂചനയും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here