തിരുവനന്തപുരം: താൻ എൻ സി പി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രചാരണങ്ങൾ അണികളെ ആശയക്കുഴപ്പത്തിലാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.’ഇടതുമുന്നണി വിടുമെന്ന് മുന്നണിയിലെ ആരും പറഞ്ഞിട്ടില്ല. ഞാൻ കോൺഗ്രസ് എസിൽ ചേരുമെന്നത് ചിലരുടെ ഭാവനാ സൃഷ്ടി മാത്രമാണ്. ഇടതുപക്ഷം വിടേണ്ട സാഹചര്യം എൻ സി പിക്ക് ഇപ്പോഴില്ല. എൻ സി പിയെ ചുറ്റിപ്പറ്റി ഇപ്പോൾ വരുന്ന വാർത്തകൾ എല്ലാം അടിസ്ഥാന രഹിതമാണ്. മത്സരിച്ച എല്ലാ സീറ്റുകളിലും എൻ സി പി തന്നെ മത്സരിക്കും. മാണി സി കാപ്പൻ അദ്ദേഹത്തിന്റെ ഉത്കണ്ഠകൾ പ്രകടി​പ്പി​ച്ചു എന്നുമാത്രം. ജോസ് കെ മാണി​യെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുളളത് എൻ സി​ പി​യുടെ തലവേദയാണോ? അത് ഇടതുമുന്നണി​യി​ലെ എല്ലാവരും കൂട്ടായി​ ആലോചി​ക്കും’- മന്ത്രി​ പറഞ്ഞു.എൻ സി പി എൽ ഡി എഫ് വിടാൻ തീരുമാനിച്ചാലും എ കെ ശശീന്ദ്രൻ ഇടതുമുന്നണിയിൽത്തന്നെ തുടരും എന്നതരത്തി​ൽ റി​പ്പോർട്ട‌ുകളുണ്ട്. മുന്നണിയിൽ ഉറച്ചുനിൽക്കാൻ കേരളാ കോൺഗ്രസിലേക്ക് അദ്ദേഹം ചേക്കേറുമെന്നാണ് കേൾക്കുന്നത്.

രാമചന്ദ്രൻ കടന്നപ്പള്ളി വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയി​ല്ല. അതിനാൽ കേരളാ കോൺഗ്രസ് എസിൽ ചേർന്ന് എലത്തൂരിൽത്തന്നെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് എ കെ ശശീന്ദ്രൻ ആലോചിക്കുന്നത്.ജോസ് പക്ഷം ഇടുപക്ഷത്തേക്ക് എത്തുമെന്ന് ഏറക്കുറെ ഉറപ്പായ സാഹചര്യത്തി​ൽത്തന്നെ എൻ സി പി യു ഡി​ എഫി​ലേക്ക് പോകാനുളള ചർച്ചകൾ തുടങ്ങി​യി​രുന്നു. ജോസിന് പാലാ സീറ്റ് സി പി എം ഉറപ്പ് നൽകിയതോടെ കാപ്പനെ പാലായിൽ ഇറക്കാൻ കോൺഗ്രസും നീക്കം തുടങ്ങി. കാപ്പൻ മാത്രമല്ല എൻ സി പി തന്നെ ഇപ്പോൾ യു ഡി എഫിലേക്ക് പോകാനുള്ള ശ്രമത്തി​ലാണ്. അതേസമയം എൽ ഡി എഫ് വിടാനില്ലെന്നാണ് എൻ സി പി നിർവാഹക സമിതിയംഗം തോമസ് കെ.തോമസ് പറയുന്നത്. പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും എൽ ഡിഎഫ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി​.

LEAVE A REPLY

Please enter your comment!
Please enter your name here