എഴുപതുകാരിയായ അമ്മ 28 വര്‍ഷമായി വീടിനുള്ളില്‍ പൂട്ടിയിട്ട മകനെ പോലീസ് രക്ഷപ്പെടുത്തി. സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിന്റെ തെക്ക് ഭാഗത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പോലീസ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇയാള്‍ക്ക് 41 വയസ്സുണ്ട്. പതിമൂന്ന് വയസ്സുമുതലാണ് അമ്മ മകനെ വീടിനുള്ളില്‍ പൂട്ടിയിടാന്‍ തുടങ്ങിയത്. സ്വാതന്ത്രം തടഞ്ഞതിനും ശാരീരിക ഉപദ്രവമേല്‍പ്പിച്ചതിനും എഴുപതുകാരിയായ അമ്മയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ ബന്ധുവായ ഒരു സ്ത്രീയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. അമ്മ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പോയ സമയത്ത് ബന്ധുവായ സ്ത്രീ യാദൃശ്ചികമായി ഇവരുടെ വീട്ടിലെത്തുകയായിരുന്നു. വിളിച്ചിട്ട് ആരും വരാതായപ്പോള്‍ ഇവര്‍ അകത്ത് കയറി നോക്കുകയായിരുന്നുവെന്ന് സ്വീഡിഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടിന്റെ പ്രധാന വാതില്‍ തുറന്നിട്ട നിലയിലായിരുന്നതിനാല്‍ ഇവര്‍ക്ക് വീടിനകത്ത് കയറാന്‍ സാധിച്ചു. അകത്ത് നിന്ന് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ നോക്കിയപ്പോള്‍ അടുക്കളയുടെ ഭാഗത്തായി നിലത്ത് ഒരാള്‍ ചുരുണ്ടുകൂടി കിടക്കുന്നതാണ് കണ്ടത്. അയാള്‍ കിടന്നിരുന്ന ഭാഗത്ത് മൂത്രവും ചെളിയും കുഴഞ്ഞുകിടന്നിരുന്നു. ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കിയ അയാള്‍ ബന്ധുവായ തന്നെ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും തിരിച്ചറിഞ്ഞുവെന്നും അവ്യക്തമായ ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചുവെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു.

പതിമൂന്ന് വയസ്സിലാണ് ബന്ധുവായ സ്ത്രീ അവസാനമായി ഈ കുട്ടിയെ കണ്ടത്. പിന്നീട് കുട്ടിയെ അമ്മ സ്‌കൂളില്‍ വിട്ടിരുന്നില്ല. അതിന്റെ കാരണം ബന്ധുക്കള്‍ക്ക് ആര്‍ക്കും അറിയുമായിരുന്നില്ല. പിന്നീട് ഇത്രയും നീണ്ട വര്‍ഷങ്ങള്‍ ഇവരെക്കുറിച്ച് ബന്ധുക്കള്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്തിനാണ് അമ്മ ഇയാളെ നീണ്ട 28 വര്‍ഷങ്ങള്‍ ഇങ്ങനെ വീടിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇവര്‍ ബന്ധുക്കളുമായോ അയല്‍ക്കാരുമായോ യാതൊരു വിധ ബന്ധവും സൂക്ഷിച്ചിരുന്നില്ലെന്നാണ് കരുതുന്നത്.

അവശ നിലയിലാണ് സ്ത്രീ ഇയാളെ കണ്ടെത്തിയത്. വായില്‍ ഒറ്റ പല്ലുപോലും ഉണ്ടായിരുന്നില്ല. കാലില്‍ വലിയൊരു വ്രണം ഉണ്ടായിരുന്നതായും സ്ത്രീ പറഞ്ഞു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിയിച്ച ബന്ധുവിന്റെ പേരു വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here