ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് പുരസ്‌കാരത്തിന് അര്‍ഹനായി ഇന്ത്യക്കാരനായ രഞ്ജിത്ത് സിന്‍ഹ് ദിസാലേ. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള അധ്യാപകനാണ് രഞ്ജിത്ത്. പത്ത് ലക്ഷം യു എസ് ഡോളറാണ് സമ്മാനത്തുക. ഏകദേശം 7.37 കോടി ഇന്ത്യന്‍ രൂപയാണ് ഇത്.

വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍്തതിക്കുന്ന ലോകം മുഴുവനുമുള്ള അധ്യാപകരില്‍ നിന്നായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്കാണ് ഗ്ലോബല്‍ ടീച്ചര് പ്രൈസ് ലഭിക്കുക. 140 രാജ്യങ്ങളില്‍ നിന്നായി 1200 അധ്യാപകരുടെ പേരാണ് ഇത്തവണ മത്സരത്തിനായി പരിഗണിക്കപ്പെട്ടത്. ഇതില്‍ നിന്ന് അവസാന സ്റ്റേജിലേക്കുള്ള പത്ത് പേരെ തിരഞ്ഞെടുത്തു. ഈ പത്ത് പേരില്‍ നിന്നാണ് ഇന്ത്യക്കാരനായ രഞ്ജിത് സമ്മാനാര്‍ഹനായത്.

ദക്ഷിണ കൊറിയ, യുഎസ്എ, ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, ഇറ്റലി, നൈജീരിയ, മലേഷ്യ, ബ്രസീല്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് അവസാന പത്ത് പേരില്‍ ഇടം പിടിച്ചത്. ഇതില്‍ നിന്ന് രഞ്ജിത് അവസാന നിമിഷം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും ടെക്സ്റ്റ് ബുക്കുകളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിച്ച നടപടിയുമാണ് രഞ്ജിത്തിനെ സമ്മാനാര്‍ഹനാക്കിയത്.

സമ്മാനമായി തനിക്ക് ലഭിക്കുന്ന തുകയില്‍ നേര്‍ പകുതി തനിക്കൊപ്പം അവസാന റൗണ്ടില്‍ മത്സരിച്ച മറ്റ് അധ്യാപകര്‍ക്ക് സമ്മാനിക്കുമെന്ന് രഞ്ജിത് പറഞ്ഞു. വിദ്യാഭ്യാസ പുരോഗതികള്‍ക്കായി അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് തന്റെ സമ്മാനമാണ് ഇതെന്നും രഞ്ജിത് പറഞ്ഞു.

സോലാപൂരിലെ പരിതേവാഡിയിലെ ജില്ലാ പരിഷതിന്റെ പ്രൈമറി സ്‌കൂളില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് രഞ്ജിത് നടത്തിയത്. പരിമിതമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിനെ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് അദ്ദേഹം എല്ലാവിധ സൗകര്യങ്ങളുമുള്ള സ്‌കൂളാക്കി ഉയര്‍ത്തിയെടുത്തു. ചെറിയ പ്രായത്തിലേ പെണ്‍കുട്ടികള്‍ വിവാഹതിരാകുന്ന രീതിയെ എതിര്‍ത്ത അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ സ്‌കൂളിലയക്കാന്‍ തുടങ്ങി. പഠനം എളുപ്പമാക്കാന്‍ പുസ്തകങ്ങള്‍ക്കൊപ്പം ക്യൂആര്‍കോഡ് സംവിധാനവും രഞ്ജിത് നടപ്പിലാക്കി. ഇത് പിന്നീട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും നടപ്പാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here