കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സമയത്ത് സംരക്ഷിക്കേണ്ടതിന് പകരം ഉത്തര കൊറിയ സ്വന്തം ജനതയെ കൂടുതല്‍ ദ്രോഹിക്കുകയാണെന്ന് ഐക്യരാഷ്ട്ര സുരക്ഷാ സമിതി. ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം, എസ്‌റ്റോണിയ, അമേരിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച ചേര്‍ന്ന സ്വകാര്യ, വെര്‍ച്വല്‍ മീറ്റിംഗിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ (ഡിപിആര്‍കെ) സര്‍ക്കാര്‍ പകര്‍ച്ച വ്യാധിയുടെ ഈ സമയത്ത് ജനങ്ങള്‍ക്ക് നല്‍കേണ്ട സമ്പത്ത് നിയമവിരുദ്ധ ബാലിസ്റ്റിക് മിസൈലിലേക്കും ആണവ പദ്ധതികളിലേക്കും തിരിച്ചുവിടുകയാണ്. ഡിപിആര്‍കെയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ആസന്നമായ ഭീഷണിയാണെന്നും ഐക്യരാഷ്ട്ര സഭയിലെ ഏഴ് രാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.

കൊറോണ മഹാമാരിയുടെ ഈ സമയത്ത് ജനങ്ങളുടെ ആവശ്യങ്ങളെ മറന്ന് ആയുധ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അന്താരാഷ്ട്ര സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്തുകയും രാജ്യത്ത് പകര്‍ച്ച വ്യാധിയുടെ ആഘാതം കൂട്ടുകയും ചെയ്യുമെന്നും യുഎന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം 2006 മുതല്‍ മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന ഉത്തരകൊറിയ ഇവ നിഷേധിക്കാറാണ് പതിവ്. ആണവായുധ പദ്ധതി കാരണം രാജ്യത്ത് പലവിധത്തിലുള്ള ഗുരുതരമായ പ്രതിസന്ധികളാണ് ഉണ്ടായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here