ശബരിമല : ശബരിമലയിൽ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ 18 പൊലീസുകാർക്കും ദേവസ്വം ജീവനക്കാർ ഉൾപ്പെടെ 16 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശബരിമലയിൽ ഇൗ സീസണിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 254 ആയി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള കണക്കാണിത്. സന്നിധാനത്ത് ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരെയും വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോർഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലൻ നായരുടെ നേതൃത്വത്തിലുള്ള സംഘം വ്യാപാര സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തിയതിന് പിന്നാലെയാണ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചത്.

ഇതിൽ പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് ജില്ലയിലെ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് സന്നിധാനം വിട്ട് പോകുന്നതിനും ക്വാറന്റൈനിൽ കഴിയുന്നതിനും നിർദ്ദേശം നൽകി. സന്നിധാനത്തെ വലിയ നടപ്പന്തലിലാണ് പരിശോധന നടത്തിയത്.കൊവിഡ് വ്യാപനം കണക്കിലെടുത്ത് സോപാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും പി.പി.ഇ കിറ്റ് നിർബന്ധമാക്കി. പതിനെട്ടാംപടിയിൽ മാത്രമായിരുന്നു നേരത്തെ പി. പി.ഇ കിറ്റ് ധരിച്ച് ഡ്യൂട്ടിചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here