വാഷിങ്ടൺ: കോവിഡിന്‍റെ രണ്ടാംവരവിന് മുമ്പിൽ ലോകം പകച്ചുനിൽക്കുമ്പോൾ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ഏറ്റവും കൂടുതൽ രോഗികളുള്ള യു.എസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 2.32 ലക്ഷം പുതിയ രോഗികളാണ്. ലോകത്താകെ 7.91 കോടി പേരാണ് കോവിഡ് ബാധിതരായത്. ആകെ ജനസംഖ്യയുടെ നൂറിൽ ഒരാൾ കോവിഡിന് വിധേയമായിക്കഴിഞ്ഞു.

യു.എസിൽ 1.89 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,34,218 പേർ മരിക്കുകയും ചെയ്തു.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത ബ്രിട്ടനിൽ രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇന്നലെ 39,237 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ ദിവസം ഇത് 36,804 ആ‍യിരുന്നു.

ബ്രസീലിൽ രോഗികളുടെ എണ്ണം 73 ലക്ഷമായി. 979 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധയുണ്ടായതോടെ ലോകരാഷ്ട്രങ്ങൾ വീണ്ടും ജാഗ്രതയിലാണ്. നിരവധി രാജ്യങ്ങൾ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന യാത്ര നിർത്തിയിരിക്കുകയാണ്. 70 ശതമാനത്തോളം വ്യാപനശേഷി ഏറിയതാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് എന്നാണ് കണക്കാക്കുന്നത്. ഇതിനിടെ, മൂന്നാമതൊരു വൈറസ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് അധികൃതർ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here