വൈറസ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ ബോറിസ് ജോണ്‍സണോ, അതോ കര്‍ഷക പ്രതിഷേധം കൈകാര്യം ചെയ്യുന്ന നരേന്ദ്ര മോദിയോ ആരാണ് മികച്ച പ്രധാനമന്ത്രി? ഇങ്ങനെയൊരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഉത്തരങ്ങള്‍ക്കായി ഇരുപത്തിനാല് മണിക്കൂര്‍ സമയവും നല്‍കി കാത്തിരുന്ന മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍ ഒടുവില്‍ ഉത്തരം കണ്ടപ്പോള്‍ ഞെട്ടി.

ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോണ്ടി പനേസര്‍ ട്വിറ്ററില്‍ ഇങ്ങനെയൊരു പോളിംഗ് നടത്തിയത്. കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്തതിന്റെ പേരില്‍ നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണ്‍ മികച്ച പ്രധാന മന്ത്രി എന്ന ഉത്തരം പ്രതീക്ഷിച്ചാണ് മോണ്ടി പനേസര്‍ പോളിംഗ് നടത്തിയത്. എന്നാല്‍ പോളിംഗില്‍ നരേന്ദ്ര മോദിക്കാണ് ജനപിന്തുണ ലഭിച്ചത്.

പോളിംഗില്‍ പങ്കെടുത്ത 90 ശതമാനം ആളുകളാണ് നരേന്ദ്ര മോദിയ്ക്ക് വോട്ട് ചെയ്തത്. ബോറിസ് ജോണ്‍സണ് മൂന്ന് ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ 24 മണിക്കൂര്‍ സമയം പ്രഖ്യാപിച്ച പോളിംഗ് എട്ട് മണിക്കൂറും ഒന്‍പത് മിനിട്ടും അവശേഷിക്കെ പനേസറിന് പിന്‍വലിക്കേണ്ടി വന്നു. താരം ട്വീറ്റ് പിന്‍വലിച്ചെങ്കിലും നിരവധി സ്‌ക്രീന്‍ ഷോട്ടുകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here