സോൾ: അഴിമതിക്കേസിൽ ഇടയ്‌ക്ക്‌ മോചിതനായ സാംസങ് തലവൻ ലീ ജിയോങ് വീണ്ടും ജയിലിലേക്ക്‌. ദക്ഷിണ കൊറിയയുടെ ഏക വനിതാ പ്രസിഡന്റായിരുന്ന പാർക്‌ ഗ്യൂൻഹെ പുറത്താകുന്നതിനും അഴിമതിക്കേസിൽ ജയിലിലാവുന്നതിനും ഇടയായ 2016ലെ കൈക്കൂലി കേസിലാണ്‌ ലീ വീണ്ടും തടവിലാകുന്നത്‌. കഴിഞ്ഞവർഷം മരിച്ച സാംസങ്‌ സ്ഥാപക ചെയർമാന്റെ ഏകമകനാണ്‌.

2017ൽ അഞ്ചു വർഷം ശിക്ഷ ലഭിച്ചെങ്കിലും 2018ൽ പുറത്തുവന്നിരുന്നു. എന്നാൽ, കമ്പനി ലയനത്തിനായി ഓഹരിവില തട്ടിപ്പ്‌ നടത്തിയതിനും ഓഡിറ്റ്‌ കൃത്രിമം വരുത്തിയതിനും കഴിഞ്ഞ സെപ്‌തംബറിൽ ലീക്ക്‌ എതിരെ നിയമനടപടി തുടങ്ങിയിരുന്നു. ലീക്ക്‌ രണ്ടരവർഷംകൂടി സോൾ ഹൈക്കോടതി ജയിൽ ശിക്ഷ വിധിച്ചു.

2015ൽ സാംസങ്ങിൽ അധികാരം ഉറപ്പിക്കാൻ രണ്ട്‌ അനുബന്ധസ്ഥാപനങ്ങൾ ലയിപ്പിക്കുന്നതിന്‌ സർക്കാരിന്‌ കൈക്കൂലി കൊടുത്തുവെന്നാണ്‌ കേസ്‌. പ്രസിഡന്റായിരുന്ന പാർക്കിനും സുഹൃത്തിനും ഫൗണ്ടേഷൻ മുഖേന പണം നൽകുകയായിരുന്നു. പ്രസിഡന്റിനെതിരെ വൻ പ്രക്ഷോഭം ഉയരുകയും അവർ പുറത്താകുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here