വാഷിങ്‌ടൺ: അമേരിക്കയുടെ വൈസ്‌ പ്രസിഡന്റായി അധികാരമേൽക്കുന്നതിന്റെ മുന്നോടിയായി കമല ഹാരിസ്‌(56) യുഎസ്‌ സെനറ്റ്‌ അംഗത്വം രാജിവച്ചു. ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ വൈസ്‌ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ കമല സെനറ്റിന്റെ അധ്യക്ഷയാവും. 2017ൽ സെനറ്ററായി ചുമതലയേറ്റ കമല യുഎസ്‌ കോൺഗ്രസിന്റെ ഉപരിസഭയിൽ രണ്ടുവർഷം കൂടി കാലാവധി അവശേഷിക്കെയാണ്‌ രാജിവച്ചത്‌.

അമേരിക്കയുടെ വൈസ്‌ പ്രസിഡന്റാവുന്ന ആദ്യ സ്‌ത്രീ, ആഫ്രിക്കൻ വംശജരിൽനിന്നും ദക്ഷിണേഷ്യൻ–-ഇന്ത്യൻ പാരമ്പര്യത്തിൽനിന്നും ആദ്യ ആൾ എന്നീ ഖ്യാതികളോടെയാണ്‌ കമല ഹാരിസ്‌ വൈറ്റ്‌ഹൗസിലെത്തുന്നത്. സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനോ ജഡ്‌ജി സോണിയ സോട്ടോമെയറിനെയാണ്‌ പ്രതിജ്ഞ ചൊല്ലിത്തരാൻ കമല തെരഞ്ഞെടുത്തത്‌. 2013ൽ ജോ ബൈഡൻ രണ്ടാമതും വൈസ്‌ പ്രസിഡന്റായപ്പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്‌ അവരാണ്‌.രണ്ട്‌ ബൈബിളാണ്‌ കമല സത്യപ്രതിജ്ഞയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. യുഎസ്‌ സുപ്രീംകോടതിയിലെ കറുത്തവംശക്കാരനായ ആദ്യ ജഡ്‌ജി തർഗൂഡ്‌ മാർഷൽ ഉപയോഗിച്ചിരുന്നതും അമ്മയെപ്പോലെ കരുതുന്ന പഴയ അയൽക്കാരി റെജിന ഷെൽറ്റന്റേതും.

LEAVE A REPLY

Please enter your comment!
Please enter your name here