ലണ്ടൻ: “സമാനതകളില്ലാത്ത വാക്സിനേഷനിലൂടെ നേടിയ കോവിഡ് പ്രതിരോധ ശക്തിയുമായി ബ്രിട്ടന്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വണ്‍വേ റോഡിലാണ് ഇപ്പോള്‍ യാത്ര ചെയുന്നതെന്ന്” വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു. ഇതുവരെ നടത്തിയ വാക്സിനേഷന്‍ ഫലങ്ങളുടെ ടാറ്റകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ‘സ്വാതന്ത്ര്യ പ്രഖ്യാപനം’ നടത്തിയത്. എങ്കിലും പൂര്‍ണമായുള്ള കോവിഡ് മുക്ത ജീവിതം വിദൂരമാണെന്നും അദ്ദേഹം പറഞ്ഞു.

4 ഘട്ടമായി ലോക്ക് ഡൌണ്‍ പൂര്‍ണമായും ഒഴിവാക്കി ജനജീവിതം സാധാരണഗതിയില്‍ കൊണ്ടുവരുന്നതിനുള്ള റോഡ്‌ മാപ്പും പുറത്തിറക്കി. ഒന്നാം ഘട്ടമായ മാർച്ച് 8 മുതൽ എല്ലാ സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കും, സ്കൂളുകളിലെ കായിക വിനോദങ്ങളും അനുവദിക്കും. പാര്‍ക്കുകള്‍ പോലെയുള്ള പൊതു ഇടങ്ങളിൽ രണ്ട് ആളുകൾ വീതം കൂടുവാന്‍ അനുവദിക്കും. മാർച്ച് 29 മുതൽ ആറ് പേര്‍ വീതമുള്ള ഒത്തുചേരലുകൾ അനുവദിക്കും. ടെന്നീസ്, ബാസ്കറ്റ്ബോൾ തുടങ്ങിയ കായിക വിനോദങ്ങള്‍ അനുവദിക്കും.

രണ്ടാം ഘട്ടമായ ഏപ്രില്‍ 12 മുതല്‍ ഹെയർഡ്രെസ്സര്‍ സെന്ററുകള്‍, ലൈബ്രറികൾ, റീട്ടെയിൽ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും. മേയ് 17 മുതലുള്ള മൂന്നാം ഘട്ടത്തില്‍ മ്യൂസിയങ്ങൾ, ഹോട്ടലുകൾ, ഫുട്ബാള്‍ മാച്ചുകള്‍ എന്നിവ അനുവദിക്കും. നാലാം ഘട്ടമായ ജൂണ്‍ 21 ന് മുമ്പായി വാക്സിനേഷന്റെ പുരോഗതി വീണ്ടും വിലയിരുത്തി, അനുയോജ്യമാണെങ്കില്‍ ലോക്ക് ഡൌണ്‍ പൂര്‍ണമായും ഒഴിവാക്കും.

വളരെ വലിയ വാക്സിനേഷന്‍ പദ്ധതികളാണ് ബ്രിട്ടനില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ 1.7 കോടിയില്‍ അധികം പേര്‍ക്ക്, അതായത് മൊത്തം ജനസംഖ്യയുടെ നാലില്‍ ഒന്ന് പേര്‍ക്ക് വീതം, കുത്തിവെപ്പ് നല്‍കിക്കഴിഞ്ഞു. ഹോസ്പിട്ടലുകള്‍ക്ക് പുറമെ ആരാധനാലയങ്ങള്‍, എക്സിബിഷന്‍ സെന്ററുകള്‍, ഫുട്ബോള്‍ സ്റ്റേടിയങ്ങള്‍ തുടങ്ങി വളരെ വലിയ അടിസ്ഥാന സൗകര്യങ്ങളാണ് പ്രതിരോധ കുത്തിവെപ്പ് യന്ജത്തിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here