തിരുവനന്തപുരം: കാൻസർ തിരിച്ചറിഞ്ഞാല്‍ ഒരു മാസത്തിനകം ബന്ധപ്പെട്ടവർ സർക്കാരിനെ അറിയിക്കണം. അര്‍ബുദചികിത്സയും പരിശോധനയും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും രോഗികളുടെ വിവരം സര്‍ക്കാരിലേക്ക് നിര്‍ബന്ധമായും കൈമാറണമെന്നാണ് നിര്‍ദേശം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കാന്‍സര്‍ റജിസ്ട്രി തയാറാക്കാന്‍ ആരോഗ്യ സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്കി.

2017ല്‍ കേരള കാന്‍ വേദിയില്‍ ആരോഗ്യമന്ത്രി നൽകിയ ഉറപ്പിൻ മേലാണ് ഇപ്പോള്‍ തുടക്കമെങ്കിലും ആകുന്നത്. പ്രഖ്യാപിത രോഗങ്ങളുടെ പട്ടികയില്‍ ഇനി അര്‍ബുദ രോഗവും ഉള്‍പ്പെടുത്തും. ക്ഷയം, കുഷ്ഠം, എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ്, മലേറിയ, ഡെങ്കിപ്പനി, കോളറ എന്നിവയാണ് നിലവില്‍ പ്രഖ്യാപിത രോഗങ്ങള്‍.

പട്ടികയില്‍പ്പെടുത്തി പ്രത്യേക പരിഗണ നല്കുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകും. അര്‍ബുദചികിത്സയും പരിശോധനയും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും രോഗികളുടെ വിവരം സര്‍ക്കാരിലേക്ക് നിര്‍ബന്ധമായും കൈമാറണമെന്ന് സർക്കാർ കർശന നിർദേശം നൽകി കഴിഞ്ഞു. രോഗം തിരിച്ചറിഞ്ഞാല്‍ ആരോഗ്യവകുപ്പിൽ റിപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്തം ഡോക്ടര്‍, പതോളജിസ്റ്റ്, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ആയുഷ്, ഇഎസ് ഐ സ്ഥാപനങ്ങള്‍, ലാബുകള്‍, പാലിയേററീവ് സെന്ററുകള്‍ തുടങ്ങിയവയും രോഗികളെക്കുറിച്ചുളള വിവരങ്ങള്‍ നിര്‍ബന്ധമായും കൈമാറണം. വര്‍ഷം ആയിരമോ അതിലധികമോ അര്‍ബുദരോഗികളെത്തുന്ന ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളജുകളും ആശുപത്രി അധിഷ്ടിത കാന്‍സര്‍ റജിസ്ട്രി തയാറാക്കാനും നിര്‍ദേശമുണ്ട്. പ്രതിവര്‍ഷം അറുപതിനായിരത്തിലേറെ പേര്‍ക്കാണ് അര്‍ബുദം കണ്ടെത്തുന്നത്. ഏതൊക്കെ ശരീര ഭാഗങ്ങളില്‍ കൂടുതലായി അര്‍ബുദം ബാധിക്കുന്നു, രോഗവ്യാപന നിരക്ക് ഇതൊക്കെ കൃത്യമായി കണ്ടെത്താന്‍ റജിസ്ട്രി വഴിയൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here