ദുബായ്​: അക്ബർ കക്കട്ടിൽ ഗൾഫിന് നാട്ടിൽ നിന്നെത്തുന്ന അതിഥിയായിരുന്നില്ല. തങ്ങളിലൊരുവനായാണ് ഗൾഫിലെ കലാ സാഹിത്യ സാംസ്കാരിക ലോകം അദ്ദേഹത്തെ കണ്ടത്. പ്രിയപ്പെട്ട സാഹിത്യകാരനോടുള്ള ബഹുമാനം ആവോളം പ്രകടിപ്പിക്കുമ്പോൾ തന്നെ തങ്ങളുടെ ജ്യേഷ്ഠസഹോദരനെ പോലെ എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചു.

ഗൾഫ് ഇടയ്ക്കിടെ സന്ദർശിച്ചിരുന്ന അക്ബർ കക്കട്ടിൽ യുഎഇയിൽ മാസങ്ങൾ ഇടവിട്ട് എത്തിയിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളും വർഷങ്ങളായി കുടുംബത്തോടൊപ്പം യുഎഇയിലുണ്ട്. സ്വകാര്യ സന്ദർശനാർഥം എത്തിയാൽ പോലും ഗൾഫിലെ സാഹിത്യ സാംസ്കാരിക വേദികളിൽ അദ്ദേഹം സന്തോഷത്തോടെ ഇരുന്നു. ആര് ക്ഷണിച്ചാലും ഒഴിവാക്കാനാകാത്ത തിരക്കില്ലെങ്കിൽ വായനക്കാരുടെ പ്രിയപ്പെട്ട കക്കട്ടിൽ മാഷ് ഒാടിയെത്തി. ഏറ്റവുമൊടുവിൽ മാസങ്ങൾക്ക് മുൻപ് വന്നിരുന്നു. ഗൾഫിൽ യുഎഇയിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ സന്ദർശിച്ചത്. മസിൽ പിടിച്ചിരിക്കുന്ന ഗൾഫിലെ വേദികളെയും സദസ്സുകളെയും തേനൂറുന്ന തന്റെ നർമ പ്രസംഗത്തിലൂടെ ചിരിയുടെ ലാളിത്യത്തിലേയ്ക്ക് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ ആ പ്രസംഗം ഒരിക്കൽ ശ്രവിച്ചവർ അദ്ദേഹമുള്ള വേദികളിലൊക്കെ നിറഞ്ഞു. അക്ബർ കക്കട്ടിലിന്റെ വിയോഗം ഗൾഫിലെ സാഹിത്യ സാംസ്കാരിക മേഖലയ്ക്ക് കനത്ത നഷ്ടമാണ്.

കഥാകൃത്തും, നോവലിസ്റ്റും, സാഹിത്യ അക്കാദമിവൈസ് ചെയർമാനുമായ അക്ബർ കക്കട്ടിലി നെറ വിയോഗത്തിൽ ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ​മലയാള സാഹിത്യ വേദി പ്രസിഡന്റ്‌ പുന്നയൂർക്കുളം സെയ് നുദ്ദീൻ, സെക്രട്ടറി അഡ്വ: ഷബീൽ ഉമ്മർ ​എന്നിവർ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here