കുടുംബ സന്ദര്‍ശക വീസയ്ക്ക് കുവൈത്തില്‍ കടുത്ത നിയന്ത്രണം. 1950ന് മുന്‍പ് ജനിച്ചവര്‍ക്ക് സന്ദര്‍ശക വീസ നല്‍കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതേസമയം കൊമേഴ്‌സ്യല്‍ വിസിറ്റ് വീസയില്‍ വരുന്നവര്‍ക്ക് ഈ നിയമം ബാധമാകില്ല.

ആശ്രിത വീസയില്‍ വൃദ്ധരായ ബന്ധുക്കളെ കൊണ്ടുവന്ന് ആരോഗ്യ മേഖലയിലെ ചികിത്സാ സൗകര്യവും മറ്റും പ്രയോജനപ്പെടുത്തുന്ന പ്രവണത തടയുകയാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് കരുതുന്നു. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നവര്‍. ആശ്രിത സന്ദര്‍ശക വീസയില്‍ മാതാപിതാക്കളെ കൊണ്ടുവരണമെങ്കില്‍ അപേക്ഷകന് പ്രതിമാസം 600 ദിനാര്‍ ശമ്പളം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. ആയിരം ദിനാര്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമേ സഹോദരന്മാരെ സന്ദര്‍ശക വീസയില്‍ കൊണ്ടുവരാന്‍ കഴിയൂ.

ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് സന്ദര്‍ശക വീസ ലഭിക്കുന്നതിന് അപേക്ഷകന്‍റെ പ്രതിമാസ ശമ്പളം നിലവിലുള്ളതുപോലെ 250 ദിനാര്‍ മതിയാകും. പുതിയ തീരുമാനമനുസരിച്ച് ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമേ മൂന്നു മാസത്തെ സന്ദര്‍ശക വീസ ലഭിക്കു. അല്ലാത്തവര്‍ക്കുള്ള സന്ദര്‍ശക വിസാ കാലാവധി ഒരു മാസമാക്കി ചുരുക്കി. സന്ദര്‍ശക വീസ അനുവദിച്ച് ഒരു മാസത്തിനകം കുവൈത്തില്‍ പ്രവേശിച്ചില്ലെങ്കില്‍ വീസ റദ്ദാകും. നേരത്തെ വീസ ലഭിച്ച് മൂന്നുമാസത്തിനകം കുവൈത്തില്‍ പ്രവേശിച്ചാല്‍ മതിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here