സൗദി അറേബ്യയില്‍ അനധികൃതമായി വീട്ടുജോലിക്കാരെ എത്തിച്ചുകൊടുക്കുന്ന ഏജന്‍റുമാര്‍ക്കെതിരെ ഇനി മുതല്‍ കര്‍ശന നടപടി. തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷാ വകുപ്പും സഹകരിച്ചായിരിക്കും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക.

തൊഴിലുടമയുടെ പക്കല്‍ നിന്നും ഒളിച്ചോടിപോകുന്ന വീട്ടുജോലിക്കാരെയാണ് ഏജന്‍റുമാര്‍ പ്രധാനമായും മറ്റു സ്ഥലങ്ങളില്‍ ജോലിക്ക് എത്തിക്കുന്നത്. ഒളിച്ചോടിപ്പോകുന്ന വീട്ടുജോലിക്കാര്‍ ഇത്തരത്തില്‍ അനധികൃതമായി ജോലി ചെയ്യുന്നത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഇനി മുതല്‍ അനധികൃത വീട്ടുജോലിക്കാരെ സഹായിക്കുന്നവരെ പിടികൂടി വിചാരണയ്ക്ക് വിധേയരാക്കും. വിദേശത്തു നിന്ന് അഃധികൃതമായി വീട്ടുജോലിക്കാരെ സൗദിയില്‍ എത്തിക്കുന്നവര്‍ക്കും സമാനമായ നടപടി നേരിടേണ്ടി വരും. വീട്ടുജോലിക്കാരെ ആവശ്യമുണ്ട്, ലഭ്യമാക്കും തുടങ്ങിയ തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ നിരീക്ഷണവിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിയമവിധേയമല്ലാത്ത വീട്ടുജോലിക്കാരെ നിയമിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയണമെന്നും തൊഴില്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു. വീട്ടുജോലിക്കാര്‍ തൊഴിലുടമകളുടെ സമീപത്തു നിന്ന് ഒളിച്ചോടി പോകുന്നതിനുള്ള കാരണങ്ങളെ കുറിച്ച് വിശദമായി പഠിക്കാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here