ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ ബുധനാഴ്ച കേരളത്തിലെത്തും. മന്ത്രാലയത്തിലെ നിയമവിഭാഗം അസി സ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് അല്‍ ഹാദി, മെഡിക്കല്‍ സര്‍വീസ് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറി ഡോ.ജമാല്‍ മന്‍സൂര്‍ അല്‍ ഹര്‍ബി എന്നിവരാണ് സംഘത്തില്‍ ഉണ്ടാവുക.

ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ദിഷ്ട ഏജന്‍സികളുടെ സൗകര്യങ്ങള്‍ വിലയിരുത്തുകയാണ് കുവൈത്ത് സംഘത്തിന്‍റെ സന്ദര്‍ശനലക്ഷ്യം. കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നോര്‍ക്ക-റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നിവയാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്‍റിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഏജന്‍സികള്‍.

സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്‍റില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നുവെന്ന സാഹചര്യത്തിലാണ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതുസംബന്ധിച്ച് ഇന്ത്യയില്‍നിന്നുള്ള ഔദ്യോഗിക സംഘം കുവൈത്തിലെത്തി സ്ഥാനപതി സുനില്‍ ജെയിനിന്‍റെ നേതൃത്വത്തില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി കഴിഞ്ഞ വര്‍ഷം നടത്തിയ തുടര്‍ചര്‍ച്ചയിലാണ് റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. സൗകര്യങ്ങള്‍ വിലയിരുത്താന്‍ കുവൈത്ത് സംഘം കേരളം സന്ദര്‍ശിക്കുമെന്നത് ചര്‍ച്ചയില്‍ ധാരണയായതാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ സന്ദര്‍ശനം പല കാരണങ്ങളാല്‍ മാറ്റിവക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here