വാഷിങ്ടൺ ഡി.സി: യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെ സമ്മർദനീക്കവുമായി അമേരിക്ക. കിഴക്കൻ യൂറോപ്പിലേക്ക് സൈനികരെ അയക്കാനുള്ള ഒരുക്കത്തിലാണ് യു.എസ്. പെന്റഗൺ പുതിയ നീക്കത്തിന് അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്.

റഷ്യ-യുക്രെയ്ൻ വിഷയം യുദ്ധത്തിലേക്ക് നയിക്കുമോയെന്ന് ലോകം ആശങ്കയോടെ നിരീക്ഷിക്കെ, വിഷയത്തിൽ പ്രതികരിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി രംഗത്തെത്തിയിരുന്നു. പടിഞ്ഞാറൻ ലോകം യുക്രെയ്ൻ വിഷയത്തിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യർഥന. റഷ്യൻ അധിനിവേശമുണ്ടാവുമെന്ന നിരന്തര മുന്നറിയിപ്പുകൾ യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥയെ അപകടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാലെ മേഖലയിൽ സംഘർഷമൊഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ധാരണയായിരുന്നു.

എന്നാൽ, ഇതിനിടയിലും കിഴക്കൻ യൂറോപ്പിൽ സൈന്യത്തെ വിന്യസിച്ച് മേഖലയിൽ പടയൊരുക്കത്തിനുള്ള നീക്കത്തിലാണ് അമേരിക്ക. ഇവിടെ നേരത്തെ നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. ഇതിലേക്കാണ് കൂടുതൽ യുഎസ് സൈനികരെത്തുന്നത്. അതിർത്തിയിൽ റഷ്യയുടെ വൻ സേനാവിന്യാസത്തിനു പിന്നാലെ ദിവസങ്ങൾക്കുമുൻപ് യുഎസ് പടക്കപ്പൽ യുക്രൈൻ തീരത്തെത്തിയിരുന്നു. മിസൈൽവേധ മിസൈലുകളടക്കമുള്ള ആയുധങ്ങളുമായാണ് യുഎസ് തീരത്ത് നങ്കൂരമിട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി 8,500 സൈനികരെയും യുക്രൈന് സഹായവുമായി അമേരിക്ക അയച്ചിട്ടുണ്ട്.

അതേസമയം, റഷ്യ യുക്രെയ്നെ ആക്രമിക്കുകയാണെങ്കിൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്നും വൻ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും യു.എസ് ഉന്നത സൈനിക മേധാവി ജനറൽ മാർക് മില്ലി മുന്നറിയിപ്പ് നൽകിയിരുന്നു. ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനികവിന്യാസമാണ് യുക്രെയ്ൻ അതിർത്തിയിൽ റഷ്യ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തോളം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ.

അതസമയം, നയതന്ത്ര നീക്കത്തിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ഇനിയും സമയമുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. എന്നാൽ, യുക്രെയിനെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന റഷ്യ, യു.എസ് യുക്രെയ്ന് നൽകുന്ന പിന്തുണ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here