ഫ്‌ളോറിഡ: തേഡ് ഗ്രേഡ് വരെയുള്ള കിന്റര്‍ ഗാര്‍ഡനില്‍ ലൈംഗിക ആഭിമുഖ്യവും(sexual orientation) ലിംഗ വ്യക്തിത്വവും പഠിപ്പിക്കുന്നത് നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവെച്ച് ഫ്‌ളോറിഡ ഗവര്‍ണര്‍. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസാണ് ബില്ലില്‍ ഒപ്പുവെച്ചത്.

അഞ്ചിനും ഒമ്പതിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കാണ് ലൈംഗിക ആഭിമുഖ്യത്തെ പറ്റിയുള്ള ക്ലാസുകള്‍ നിരോധിച്ചത്. വിദ്യാര്‍ത്ഥികളുടെ ‘പ്രായത്തിനോ വികസനത്തിനോ അനുയോജ്യമല്ലാത്ത’ പാഠങ്ങളെ ബില്‍ നിരോധിക്കുന്നു.

ജൂലൈ ഒന്ന് മുതലായിരിക്കും നിയമം പ്രാബല്യത്തില്‍ വരുക. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ക്ക് അനുവാദമുണ്ട്.

എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നുവെന്നത് ഉയര്‍ത്തി കാട്ടി നിയമത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘ഡോന്റ് സേ ഗേ ബില്‍,’ എന്ന് വിമര്‍ശകര്‍ പരിഹസിച്ച് വിളിക്കുന്ന ബില്‍ കഴിഞ്ഞ ദിവസം ഓസ്‌കാര്‍ വേദിയിലും ചര്‍ച്ചാവിഷയമായിരുന്നു.

മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ജെസീക്ക ചാസ്റ്റെയ്ന്‍ ബില്‍ വിവേചനപരവും വര്‍ഗീയവുമാണെന്ന് പറഞ്ഞു. കുട്ടികളെ സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ ലിംഗഭേദങ്ങളെ പറ്റി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബില്ലിനെതിരെ ഫ്‌ളോറിഡയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വെറുപ്പുളവാക്കുന്നത് എന്നാണ് ബില്ലിനെ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്.

നിയമം വെറും പൊളിറ്റിക്കല്‍ സ്റ്റണ്ടാണെന്നാണ് അധ്യാപക സംഘടനയായ ഫ്‌ളോറിഡ എജ്യുക്കേഷന്‍ അസോസിയേഷന്‍ വിമര്‍ശിച്ചത്.

ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന റോണ്‍ ഡിസാന്റിസ് 2024 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും പരിഗണിക്കപ്പെടുന്ന നേതാവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here