ഇന്ന് ലോക ഭൗമ ദിനം. എല്ലാ വര്‍ഷവും ഏപ്രില്‍ 22ന് ലോക ഭൗമദിനമായി ആചരിക്കുന്നു. ‘നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക’ (Invest in our planet) എന്ന തീമിലാണ് ഈ വര്‍ഷം 52മത് ലോക ഭൗമ ദിനം ആചരിക്കുന്നത്. നാളയെ കുറിച്ച് ചിന്തിക്കാതെ ഭൂമിയിലെ എല്ലാ വിഭവങ്ങളും നാം ഉപയോഗിക്കുന്നു. സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ഇത് നമ്മുടെ വീടാണെന്ന് മനപൂര്‍വം മറക്കുന്നു. അതിനാല്‍ ഈ ഗ്രഹത്തിന് തിരികെ നല്‍കുകയെന്നതാണ് ഇത്തവണത്തെ ദിനത്തിന്റെ പ്രധാന സന്ദേശം.

ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയെന്നതാണ് ഭൗമ ദിനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നല്‍കി കൊണ്ടായിരുന്നു ദിനാചരണം. ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെയെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്.

1970 ഏപ്രില്‍ 22 ന് അമേരിക്കയില്‍ നിന്നാണ് ഭൗമദിനാചരണത്തിന്റെ തുടക്കം. പരിസ്ഥിതിയെ നിരാകരിക്കുന്നുവെന്ന് ആരോപിച്ച് അന്ന് ഇരുപത് മില്യണിലധികം ആളുകള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തി. ഈ പ്രതിഷേധത്തിന്റെ പ്രാധാന്യം അതിര്‍ത്തി കടന്നതോടെ ലോകം മുഴുവന്‍ ഭൗമ ദിനം ആചരിക്കാന്‍ നിര്‍ബന്ധിതരായി.

നാളത്തെ തലമുറയുടെ നല്ല ദിനങ്ങള്‍ക്കായി ഭൂമിയുടെ ഇന്നത്തെ ദുര്‍വിധി തിരുത്തേണ്ടത് അത്യാവശ്യമാണ്. പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞും മരങ്ങള്‍ നട്ടുപിടിപ്പിച്ചും ജലം സംരക്ഷിച്ചും ഹരിത വാതക ഉപയോഗം കൂട്ടിയുമൊക്കെ മനുഷ്യര്‍ ഭൂമിയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ പങ്കാളികളാകണം. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് നിലവില്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ.

ഭൂമി ഉണ്ടായ കാലത്തെ സാഹചര്യമല്ല നിലവില്‍. ജനസംഖ്യ വര്‍ധനവിനനുസരിച്ച് ആരോഗ്യ വ്യവസ്ഥയിലും പുരോഗതി ഉണ്ടാകേണ്ടത് ഒരു നാടിന്റെ വികസനത്തിന് ആവശ്യമാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഭൂമിയിലെ ചൂട് നാല് ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ചൂട് വര്‍ധിക്കാനുള്ള കാരണം. കാര്‍ബണ്‍ ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങി പോകുക എന്നതാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം.

പരിസ്ഥിതി സംരക്ഷണം വാക്കുകളില്‍ ഒതുക്കാതെ ഓരോരുത്തരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു. ജലം പാഴാക്കാതെയും, ചെടികള്‍ നട്ടും, വൈദ്യുതി ലാഭിച്ചും, മലിനീകരണം തടഞ്ഞും പരിസ്ഥിതിയെ സംരക്ഷിക്കണം. പാഴ് വസ്തുക്കള്‍ വലിച്ചെറിയാതെ അവയുടെ പുനരുപയോഗം കണക്കിലെടുത്ത് തരംതിരിച്ച് സൂക്ഷിക്കുകയോ സംസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്. വരും തലമുറക്കായി ഈ ഭൂമി കൈമാറാന്‍ ഇന്ന് നമ്മള്‍ ഭൂമിയെ സംരക്ഷിച്ചേ മതിയാകൂ.

കേള്‍ക്കാന്‍ കഴിയുന്നവര്‍ക്ക് ഭൂമിക്ക സംഗീതമുണ്ടെന്ന് വില്യം ഷേക്‌സ്പിയറും, കിണറുകള്‍ വറ്റുമ്പോള്‍ നമുക്ക് ജലത്തിന്റെ വില അറിയാമെന്ന് ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിനും മരം നട്ടു പിടിപ്പിക്കുമ്പോള്‍ തന്നെക്കൂടാതെ മറ്റുള്ളവരേയും സ്‌നേഹിക്കുന്നുവെന്ന് തോമസ് ഫുള്ളറും നമുക്കെല്ലാവര്‍ക്കും പൊടുവായുള്ളത് ഭൂമിയാണെന്ന് വെന്‍ഡല്‍ ബെറിയും പറഞ്ഞത് ഓര്‍മ്മിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here