ദോഹ​: പരമ്പരാഗത സമുദ്രയാന, മീന്‍പിടുത്ത, മുത്തുവാരല്‍ മത്സരമായ സെന്യാറിന് കത്താറയില്‍ തുടക്കമായി. ഇത്തവണ 67 ടീമുകളിലായി 806 പേരാണ് പങ്കെടുക്കുന്നത്. ഒന്‍പതാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. സമുദ്രയാന മത്സരത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. മുത്തുവാരല്‍, മീന്‍പിടുത്ത മത്സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അരങ്ങേറുക. മത്സരസമാപനമായ അല്‍ ഖഫാല്‍ ശനിയാഴ്ച നടക്കും. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് ഇക്കുറി സെന്യാര്‍ അരങ്ങേറുന്നത്. അഞ്ചുവര്‍ഷം കൊണ്ടു മത്സരാര്‍ഥികളുടെ എണ്ണം നാലിരട്ടിയിലേറെ വര്‍ധിച്ചിട്ടുണ്ട്.

മത്സരങ്ങള്‍ക്കു മുന്നോടിയായി 67 പത്തേമാരികളിലും സംഘാടകസമിതി സുരക്ഷാ പരിശോധന നടത്തിയിരുന്നു. അഞ്ചു ദിവസം കടലില്‍ കഴിയുന്നതിന് ഇവയ്ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ടോ എന്നകാര്യവും പരിശോധിച്ചിരുന്നു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ലൈസന്‍സും മത്സരത്തില്‍ പങ്കെടുക്കുന്ന പത്തേമാരികള്‍ക്ക് ആവശ്യമുണ്ട്.

ഖത്തറിന്റെ സമുദ്രയാനപാരമ്പര്യവുമായി പുതുതലമുറയെ ബന്ധിപ്പിക്കുന്നതിനാണ് കത്താറ കള്‍ച്ചറല്‍ വില്ലേജ് മുന്‍കൈയെടുത്ത് സെന്യാര്‍ സംഘടിപ്പിക്കുന്നത്. 10 മുതല്‍ 12വരെ അംഗങ്ങളുള്ള ടീമാണ് മീന്‍പിടുത്ത മത്സരത്തിനിറങ്ങുക. മുത്തുവാരല്‍ മത്സരത്തില്‍ എട്ടു മുതല്‍ 10വരെ അംഗങ്ങളാണ് ഒരു ടീമിലുണ്ടാവുക.

മുത്തുവാരല്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമിനേ ജിസിസിതല സെന്യാര്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാകൂ. മുങ്ങിയെടുക്കുന്ന മുത്തിന്റെ വലുപ്പവും കടലില്‍ മുങ്ങിക്കിടക്കുന്ന സമയവും കണക്കിലെടുത്താണ് വിജയികളെ നിശ്ചയിക്കുക. ഏറ്റവുംകൂടുതല്‍ മീന്‍ലഭിച്ച ഉരുവിലുള്ളതിന്റെ 20ശതമാനം മീനെങ്കിലും ലഭിച്ച ടീമിനേ അടുത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കൂ. വിജയികള്‍ക്കുള്ള സമ്മാനദാനം ശനിയാഴ്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here